Monday December 05, 2016
Latest Updates

ഗേയാണെന്ന വരേദ്കറിന്റെ വെളിപ്പെടുത്തല്‍ സ്വാഗതം ചെയ്ത് അയര്‍ലണ്ടിലെ സ്വവര്‍ഗാനുരാഗികള്‍

ഗേയാണെന്ന വരേദ്കറിന്റെ വെളിപ്പെടുത്തല്‍ സ്വാഗതം ചെയ്ത് അയര്‍ലണ്ടിലെ സ്വവര്‍ഗാനുരാഗികള്‍

ഡബ്ലിനിലെ ഗേ പ്രൈഡ് 2014 റാലി 

ഡബ്ലിന്‍: താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന ആരോഗ്യമന്ത്രി ലിയോ വരെദ്കറിന്റെ വെളിപ്പെടുത്തല്‍ സ്വാഗതം ചെയ്ത് അയര്‍ലണ്ടിലെ സ്വവര്‍ഗാനുരാഗികള്‍. മന്ത്രിയുടെ തുറന്നു പറച്ചില്‍ സ്വവര്‍ഗാനുരാഗം വെളിപ്പെടുത്താന്‍ കൂടുതല്‍ പേര്‍ക്ക് ധൈര്യം നല്‍കുമെന്ന് അയര്‍ലണ്ടിലെ ഗേ ആന്‍ഡ് ലെസ്ബിയന്‍ ഇക്വാളിറ്റി നെറ്റ്വര്‍ക്ക് മേധാവി കീരാന്‍ റോസ് പറഞ്ഞു. അദ്ദേഹത്തിന്റെ തുറന്നു പറച്ചിലിനെ അഭിനന്ദിക്കുന്നതായും വിവിധ ഇക്വാളിറ്റി ഗ്രൂപ്പുകള്‍ പറഞ്ഞു.


സ്വവര്‍ഗാനുരാഗികളോടുള്ള മനോഭാവത്തില്‍ ഏറെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും പൂര്‍ണ്ണ തോതില്‍ സ്വവര്‍ഗാനുരാഗികളെ പൊതുസമൂഹം അംഗീകരിച്ചു തുടങ്ങിയിട്ടില്ലെന്ന് ഇക്വാളിറ്റി ഗ്രൂപ്പുകള്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഒരു മന്ത്രി തന്നെ തന്റെ സ്വവര്‍ഗാനുരാഗം തുറന്നു വെളിപ്പെടുത്തിയത് ഈ വിഭാഗത്തിന് ഏറെ അംഗീകാരം ലഭിക്കുന്നതിനിടയക്കുമെന്ന് സ്വവര്‍ഗാനുരാഗികള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. 

അയര്‍ലണ്ടില്‍ സ്വവര്‍ഗാനുരാഗം പരസ്യമായി പ്രഖ്യാപിക്കുന്ന ആദ്യ ക്യാബിനറ്റ് മന്ത്രിയാണ് ലിയോ വരെദ്കര്‍. ആര്‍ടിഇ റേഡിയോയുടെ ഒരു പരിപാടിയിലായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. സ്വവര്‍ഗ വിവാഹത്തിനായി വാദിക്കുന്ന സംഘടനകളും മന്ത്രിയുടെ രാഷ്ട്രീയ എതിര്‍ ചേരിയിലുള്ള ഫിനാഫാള്‍ നേതാവ് ടിമ്മി ഡൂലെയും സിന്‍ ഫിന്‍ നേതാവ് മേരി ലൂ മക്‌ഡോണാള്‍ഡും ലൂസിന്‍ഡ ക്രീഗ്ടണും മന്ത്രിയെ അഭിനന്ദിച്ചു. അതേസമയം മന്ത്രി സ്വവര്‍ഗാനുരാഗിയാണോ എന്നത് മന്ത്രിസഭയുടെ പ്രവര്ത്തനത്തെ ബാധിക്കുന്ന കാര്യമല്ലെന്ന് ലേബര്‍ മന്ത്രി അലക്‌സ് വൈറ്റ് പറഞ്ഞു.

സ്വവര്‍ഗ വിവാഹത്തെ അനുകൂലിയ്ക്കുന്നവരുടെ എണ്ണം ഇന്നലെ പുറത്തുവിട്ട ഒരു സര്‍വേ പ്രകാരം 76% ആയി വര്‍ദ്ധിച്ചിട്ടുണ്ട്.അതേസമയം സര്‍വേ ഫലങ്ങള്‍ ഒരു സംഘം മാധ്യമങ്ങളുടെ സൃഷ്ട്ടിയാണെന്ന് ഗേ വിവാഹത്തെ എതിര്‍ക്കുന്നവരുടെ സംഘടന പറയുന്നു 

Scroll To Top