Saturday December 03, 2016
Latest Updates

ഗൂഡാലോചന സിഎഫ് തോമസിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും; മാണിയെ തകര്‍ക്കുമെന്ന്‌ ബാറുടമയുടെ ഭീഷണി

ഗൂഡാലോചന സിഎഫ് തോമസിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും; മാണിയെ തകര്‍ക്കുമെന്ന്‌  ബാറുടമയുടെ ഭീഷണി

കോട്ടയം: ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തിന്റെ ഗൂഡാലോചന അന്വേഷിക്കാന്‍ കേരള കോണ്‍ഗ്രസ് സമിതി രൂപീകരിച്ചു. സി.എഫ്. തോമസ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഏഴംഗ സമിതിയാണ് ഗൂഡാലോചന അന്വേഷിക്കുന്നത്. സി.എഫ്. തോമസിനു പുറമേ ജോയി ഏബ്രഹാം എം.പി, ടി.എസ്. ജോണ്‍ , ഫ്രാന്‍സിസ് ജോര്‍ജ്, പി.ടി. ജോസ്, ആന്റണി രാജു, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവരാണു സമിതിയംഗങ്ങള്‍. കോട്ടയത്ത് 21നു ചേരുന്ന ഉന്നതാധികാരസമിതി യോഗത്തിനു മുമ്പ് പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നാണു സൂചന.

അതേസമയം സമിതിയില്‍ പിസി ജോര്‍ജിനെ ഉള്‍പ്പെടുത്താത്തത് പുതിയ വിവാദത്തിനു തുടക്കമിട്ടിട്ടുണ്ട്. കോഴ ആരോപണത്തിന് പിന്നില്‍ പിസി ജോര്‍ജിന് പങ്കുണ്ടെന്നും ആരോപണം ഉന്നയിച്ച ബിജു രമേശുമായി കെഎം മാണി കൂടിക്കാഴ്ച നടത്തിയെന്നതും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പിസി ജോര്‍ജിനെ സമിതിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കാരണമെന്നാണ് അണിയറ സംസാരം. ചില മാധ്യമങ്ങള്‍ പിസി ജോര്‍ജിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ആദ്യം കോഴ ആരോപണത്തില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി പിസി ജോര്‍ജ് രംഗത്ത് വന്നിരുന്നു. എന്നാല്‍ മാണിയും പിജെ ജോസഫും ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ ഈ ആരോപണം തള്ളിക്കളയുകയായിരുന്നു. കെഎം മാണിയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ച കോണ്‍ഗ്രസിനെ തള്ളിപ്പറയേണ്ടന്നാണ് മുതിര്‍ന്ന നേതാക്കളുടെ തീരുമാനം.

അതേസമയം കെഎം മണിയെ തകര്‍ക്കുമെന്ന ഭീഷണിയുമായി ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശ് രംഗത്ത് വന്നു. തന്നെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ മാണിയെയും തകര്‍ക്കും. മാണിയുടെ സാമ്പത്തികസ്രോതസുകള്‍ തനിക്കു കൃത്യമായറിയാം. നിരവധി സ്ഥലത്ത് അദ്ദേഹത്തിനു നിക്ഷേപമുണ്ട്. എനിക്ക് ഒരുരൂപയുടെ നഷ്ടമുണ്ടായാല്‍ , കെഎം മാണിക്ക് രണ്ടുരൂപയുടെ നഷ്ടമുണ്ടാക്കാന്‍ തനിക്ക് കഴിയുമെന്നും ബിജു രമേശ് പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ബിജു രമേശ് പറഞ്ഞു.

Scroll To Top