Wednesday December 07, 2016
Latest Updates

ഗുജറാത്തില്‍ വോട്ട് ചെയ്യുന്നവര്‍ക്ക് ഡോക്ടറെ കാണാന്‍ 25% ഫീസിളവ്

ഗുജറാത്തില്‍ വോട്ട് ചെയ്യുന്നവര്‍ക്ക് ഡോക്ടറെ കാണാന്‍ 25% ഫീസിളവ്

അഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ട് ചെയ്യുന്ന എല്ലാവര്‍ക്കും ഡോക്ടറെ കാണാന്‍ 25 ശതമാനം ഫീസ് ഇളവ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഗുജറാത്ത് ഘടകമാണ് കൌതുകകരമായ ഈ ഓഫര്‍ നല്കിയിരിക്കുക്കത്. ഗുജറാത്തില്‍ വോട്ടെടുപ്പ് അവസാനിക്കുന്ന ഏപ്രില്‍ 30 ശേഷം ഒരാഴ്ച കൂടി ഈ ഓഫര്‍ ലഭിക്കും. വോട്ട് ചെയ്തതിന് തെളിവായി കൈയ്യിലെ മഷി അടയാളം കാണിച്ചാല്‍ മതിയാകും.

മുഴുവന്‍ സമ്മദിദായകരെയും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനാണ് ഈ വാഗ്ദാനം മുന്നോട്ട് വച്ചതെന്ന് ഐ.എം.എ. ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.ജിതേന്ദ്ര പട്ടേല്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ ഇളവ് നല്കാന്‍ ഐ.എം.എ നിര്‍ദ്ദേശം നല്കിയതായി അദ്ദേഹം പറഞ്ഞു. ഐ.എം.എയുടെ കീഴിലുള്ള 116 പ്രാദേശിക മെഡിക്കല്‍ അസോസിയേഷനുകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്കിയതായി ഐ.എം.എ ഭാരവാഹികള്‍ അറിയിച്ചു.

ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഡോക്ടര്‍മാര്‍ 50 ശതമാനം ഫീസ് ഇളവ് നല്കുന്നുണ്ട്. എല്ലാ സമ്മദിദായകരും ഈ അവസരം പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നതെന്ന് ഐ.എം.എ ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന പുതിയ ഗവണ്‍മെന്റ് ആരോഗ്യമേഖലയില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ആരോഗ്യ അജന്‍ഡയും അസോസിയേഷന്‍ പുറത്തിറക്കിയിട്ടുണ്ട്.

Scroll To Top