Tuesday December 06, 2016
Latest Updates

ഗാല്‍വേ തുറുമുഖ വികസനം :126 മില്ല്യന്റെ പദ്ധതി

ഗാല്‍വേ തുറുമുഖ വികസനം :126 മില്ല്യന്റെ പദ്ധതി

ഗാല്‍വേ: ഗാല്‍വേ തുറമുഖം പുനര്‍ വികസനവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പുതിയ തലത്തിലേക്ക്. 126 മില്ല്യന്‍ യൂറോയുടെ പുനര്‍വികസന പ്രവര്‍ത്തനങ്ങളാണ് ഗാല്‍വേ തുറമുഖത്തില്‍ ഉദ്ദേശിച്ചിരിക്കുന്നത്. 800റോളം പുത്തന്‍ തൊഴില്‍ സാധ്യതകള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
പുനര്‍ വികസനം കൊണ്ട് കൂടുതലായും പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കുള്ള വ്യാപാരവും വ്യവസായങ്ങളും വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യവും ഉണ്ട്.
പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുപോകാന്‍ ഇനി യൂറോപ്പിന്റെ പച്ചക്കൊടി കൂടി കിട്ടിയാല്‍ മതിയാകും. അത്തരത്തില്‍ പദ്ധതി നടപ്പിലാക്കപ്പെടുകയാണെങ്കില്‍ രാജ്യത്ത് ഐആര്‍ഒപിഐ റൂട്ട് നടപ്പിലാക്കുന്ന ആദ്യ പദ്ധതിയാവും ഇത്.
ഇയു ഹാബിറ്റേറ്റ്‌സ് ഡയറക്ടീവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഐആര്‍ഒപിഐ ക്ലോസ്. മാത്രമല്ല ഇത് നടപ്പിലാക്കുന്നത് വഴി രാജ്യത്തിന്റെയോ പ്രദേശത്തിന്റെയോ പരിസ്ഥിതിക്ക് ഏതെങ്കിലും തരത്തിലുള്ള ദോഷവും സംഭവിക്കാന്‍ സാധ്യത ഉണ്ടെങ്കില്‍ പൊതുജന താല്‍പ്പര്യം കൂടി കണക്കിലെടുത്തശേഷം മാത്രമേ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ.
പദ്ധതിക്ക് പച്ചക്കൊടി ലഭിക്കുമെന്നുതന്നെയാണ് വിശ്വസിക്കുന്നതെന്നാണ് ഗാല്‍വേ ഹാര്‍ബര്‍ കമ്പനിയുടെ സിഇഒ ഈമന്‍ ബ്രാഡ്‌ഷോ അറിയിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ കമ്മീഷന്‍ അധികൃതരുമായി ഇതിനകം തന്നെ ബന്ധപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നും ബ്രാഡ്‌ഷോ അറിയിക്കുന്നു. തുറമുഖത്തിന്റെ പുനര്‍ വികസനം നടത്താന്‍ പോകുന്ന സ്ഥലങ്ങളിലെ ജനങ്ങളുമായും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
27ഹെക്ടര്‍ സ്ഥലം ഉള്‍പ്പെടുത്തിയുള്ള പദ്ധതിയില്‍ 216 ബര്‍ത്ത് മറൈനും 12 മീറ്റര്‍ കമ്മേര്‍ഷ്യല്‍ ക്വേയും ഉള്‍പ്പെടുത്തുന്നുണ്ട്.
പദ്ധതിക്ക് പച്ചക്കൊടി ലഭിച്ചാല്‍ നാലു ഘട്ടങ്ങളിലായി പദ്ധതി നടപ്പിലാക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അങ്ങിനെയാണെങ്കില്‍ 52 മില്ല്യന്‍ യൂറോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷത്തോടെ തന്നെ ആരംഭിക്കും.

Scroll To Top