Saturday December 03, 2016
Latest Updates

ഗാല്‍വെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സുമാര്‍ പ്രക്ഷോഭത്തിലേക്ക്

ഗാല്‍വെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സുമാര്‍ പ്രക്ഷോഭത്തിലേക്ക്

ഗാല്‍വെ : ഗാല്‍വെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സുമാര്‍ പ്രക്ഷോഭത്തിലേക്ക്. ആശുപത്രിയില്‍ തിരക്ക് കൂടുന്നതിന് ആനുപാതികമായി അടിസ്ഥാന സൌകര്യവും ജീവനക്കാരുടെ എണ്ണവും വര്‍ദ്ധിപ്പിക്കാത്തതിനെതിരെയാണ് നഴ്‌സുമാരുടെ പ്രതിഷേധം. ബുധനാഴ്ച ഉച്ചയ്ക്ക് നഴ്‌സുമാര്‍ ആശുപത്രി കവാടത്തില്‍ പ്രതിഷേധിക്കും. ആവശ്യത്തിന് ബെഡും മറ്റ് അടിസ്ഥാന സൌകര്യങ്ങളുമില്ലാത്തതിനാല്‍ ഗാല്‍വെ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഗുരുതര പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് ഐ.എന്‍.എം.ഒ ഭാരവാഹികള്‍ പറഞ്ഞു. 

ആവശ്യത്തിന് കിടക്കല്‍ ഇല്ലാത്തതും അടിസ്ഥാന സൌകര്യങ്ങളിലെ മറ്റു കുറവുകളും രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഒരു പോലെ പ്രതിസന്ധി ആയിരിക്കുകയാണ്. ഗാല്‍വെ മേഖലയിലെ 70,000 ആളുകള്‍ ചികിത്സ തേടി എത്തുന്ന ആശുപത്രിയാണ് ഗാല്‍വെ യൂണിവേഴ്‌സിറ്റി ആശുപത്രി. ഇത്രയും ആളുകള്‍ ചികിത്സ തേടി എത്തുന്ന ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടുന്ന എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്ന് ഐ.എന്‍.എം.ഒ ഭാരവാഹികള്‍ പറഞ്ഞു. 

വെയ്റ്റിംഗ് ടൈം അനന്തമായി നീളുന്നത് മൂലം രോഗികള്‍ക്ക് കൃത്യ സമയത്ത് ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുന്നില്ലെന്നും സംഘടന ഭാരവാഹികള്‍ പറഞ്ഞു. വിന്റര്‍ സീസണിലേക്ക് അടുക്കുംതോറും അത്യാഹിത വിഭാഗത്തിലെ തിരക്ക് രൂക്ഷമാകുമെന്ന് നഴ്‌സിംഗ് സംഘടന ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. ഈ പശ്ചാത്തലത്തില്‍ നാളെ ഉച്ചയ്ക്ക് ഒരു മണി മുതല്‍ നടക്കുന്ന പ്രതിഷേധത്തിന് രോഗികളുടെയും പൊതുജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്നും സംഘടന ആവശ്യപ്പെട്ടു. 

Scroll To Top