Thursday December 08, 2016
Latest Updates

ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട് :തീരുമാനം പുന:പരിശോധിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍

ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട് :തീരുമാനം പുന:പരിശോധിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍

ഡബ്ലിന്‍: ഡബ്ലിനില്‍ നടക്കാനിരുന്ന ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട് റദ്ദാക്കിയ സംഭവത്തില്‍ എന്‍ഡ കെന്നി ഇടപെടുന്നു. ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ 3 കണ്‍സേര്‍ട്ടുകള്‍ക്ക് മാത്രമേ അനുമതി നല്‍കൂ എന്ന് നിലപാട് എടുത്തതില്‍ പ്രതിഷേധിച്ച് സംഘാടകര്‍ അഞ്ച് കണ്‍സേര്‍ട്ടുകളും റദ്ദാക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇടപെടുന്നത്. ഡബ്ലിന്‍ കൌണ്‍സിലിന്റെ തീരുമാനം പുനപരിശോധിക്കുന്നതിനു സിറ്റി മാനേജര്‍ ഓവന്‍ കീഗന്റെയും മേയര്‍ ക്രിസ്റ്റി ബര്‍ക്കിന്റെയും ഒരു കൂടിക്കാഴ്ച വിളിക്കാന്‍ ലേബര്‍ റിലേഷന്‍സ് കമ്മീഷന്‍ കേയ്‌റാന്‍ മല്‍വെയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

അഞ്ച് കണ്‍സേര്‍ട്ടുകളും നടത്താന്‍ അനുമതി ലഭിച്ചാല്‍ പരിപാടിയുമായി മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് ഗായകന്‍ ഗാര്‍ത്ത് ബ്രൂക്ക്‌സ് സംഘാടകര്‍ക്ക് ഇമെയില്‍ ചെയ്തിരുന്നു. ഇക്കാര്യം കൂടി കണക്കിലെടുത്താണ് പ്രധാനമന്ത്രി ഈ
വിഷയത്തില്‍ ഇടപെട്ടത്. അതേസമയം പ്രധാനമന്ത്രിയുടെ ഇടപെടല്‍ സംബന്ധിച്ച് സ്ഥിരീകരിക്കാന്‍ ഗവണ്‍മെന്റ് വൃത്തങ്ങള്‍ തയ്യാറായില്ല. എന്നാല്‍ ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട് സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിച്ച്
അനുകൂലമായ ഒരു തീരുമാനം വരണമെന്ന് തന്നെയാണ് തങ്ങളും പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

നാല് ലക്ഷത്തോളം പേര്‍ ടിക്കറ്റ് എടുത്ത കണ്‍സേര്‍ട്ടുകളാണ് റദ്ദാക്കിയത്.ഇത് ഡബ്ലിനിലെ വ്യാപാരികള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം വരുത്തുമെന്ന് മാത്രമല്ല, സംഘാടകരേയും പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. ഇതേതുടര്‍ന്ന് സംഘാടകര്‍ ടിക്കറ്റ് പണം തിരികെ വിതരണം ചെയ്യാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രി ഈ വിഷയത്തില്‍ ഇടപെട്ടത്.

Scroll To Top