Tuesday December 06, 2016
Latest Updates

ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട് നടത്തുന്നതല്ല ,ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് തനിക്ക് വലുതെന്ന് ഡബ്ലിന്‍ മേയര്‍

ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട് നടത്തുന്നതല്ല ,ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് തനിക്ക് വലുതെന്ന് ഡബ്ലിന്‍ മേയര്‍

ഡബ്ലിന്‍: ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കം തുടരവേ, കണ്‍സേര്‍ട്ട് നടത്തുന്നതല്ല ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്ക്. മാധ്യമങ്ങള്‍ ഗാര്‍ത്ത് ബ്രൂക്ക്‌സ്. കണ്‍സേര്‍ട്ടിന് നല്‍കുന്ന അമിത പ്രാധാന്യത്തിനെതിരെയും ക്രിസ്റ്റി ബര്‍ക്ക് വിമര്‍ശനം ഉന്നയിച്ചു. മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കേണ്ട വേറെ അസംഖ്യം വിഷയങ്ങള്‍ ഉള്ളപ്പോഴാണ് അവര്‍ ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട് റദ്ദാക്കിയ സംഭവത്തില്‍ കടിച്ചു തൂങ്ങുന്നതെന്ന് ക്രിസ്റ്റി ബര്‍ക്ക് കുറ്റപ്പെടുത്തി.

തന്റെ ഫോണിലേക്ക് ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ടുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്നും ക്രിസ്റ്റി ബര്‍ക്ക് പറഞ്ഞു. ഡബ്ലിനിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മുതിര്‍ന്ന പൌരന്‍മാര്‍ക്ക് മെഡിക്കല്‍ കാര്‍ഡ് ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള
കാര്യങ്ങള്‍ക്കാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ക്രിസ്റ്റി ബര്‍ക്ക് പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ഇക്കാര്യങ്ങളിലൊന്നും ഒരു താല്‍പ്പര്യവുമില്ല.

ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളാണ് വീടില്ലാതെ തെരുവില്‍ അലഞ്ഞു നടക്കുന്നത് ഇത്തരക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് താന്‍ പരിഗണന നല്‍കുന്നത്. ഹോട്ടലിലോ താല്‍ക്കാലിക താമസ സൌകര്യങ്ങളിലോ എവിടെ ആയാലും ഇത്തരം ആളുകള്‍ക്ക് കിടപ്പാടം ഒരുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ക്രിസ്റ്റി ബര്‍ക്ക് പറഞ്ഞു. വീടില്ലാതെ അലയുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സെന്‍ട്രല്‍ പ്ലെയ്‌സ്‌മെന്റ് സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു പോപ്പ് സംഗീത മേളയ്ക്ക് കൊടുക്കുന്നതിലേറെ പ്രാധാന്യം നഗരത്തിന്റെ മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ എല്ലാവരും കാണിക്കണമെന്നും മേയര്‍ പറഞ്ഞു.

Scroll To Top