Friday December 09, 2016
Latest Updates

ഗാര്‍ഡാ കാര്‍ഡിന്റെ രൂപം മാറുന്നു:ഡബ്ലിന് പുറത്ത് ഗാര്‍ഡാ കാര്‍ഡ് പുതുക്കി കിട്ടാന്‍ ഒരാഴ്ച്ച സമയമെടുക്കും 

ഗാര്‍ഡാ കാര്‍ഡിന്റെ രൂപം മാറുന്നു:ഡബ്ലിന് പുറത്ത് ഗാര്‍ഡാ കാര്‍ഡ് പുതുക്കി കിട്ടാന്‍ ഒരാഴ്ച്ച സമയമെടുക്കും 

ഡബ്ലിന്‍:ഗാര്‍ഡാ കാര്‍ഡിന്റെ രൂപവും ഭാവവും മാറുന്നു.നിലവിലുള്ള ഗാര്‍ഡാ കാര്‍ഡുകളുടെ സ്ഥാനത്ത് ഇനി മുതല്‍ സ്മാര്‍ട്ട് കാര്‍ഡുകളാവും നല്‍കപ്പെടുക.മെയ് 10 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.

ഡബ്ലിനൊഴികെയുള്ള സ്ഥലങ്ങളില്‍ ഗാര്‍ഡ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഗാര്‍ഡാ കാര്‍ഡ് പുതുക്കി ലഭിക്കുന്നതിന് ഇനി മുതല്‍ കാലതാമസം ഉണ്ടാകും.ഡബ്ലിനിലെ മെയിന്‍ ഓഫിസില്‍ മാത്രമാണ് സ്മാര്‍ട്ട് കാര്‍ഡുകള്‍ പ്രിന്റ് ചെയ്യാനുള്ള സംവിധാനം ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക.മറ്റ് പ്രദേശങ്ങളിലുള്ളവര്‍ക്ക് പ്രാദേശിക ഓഫിസുകളില്‍ പഴയ കാര്‍ഡുകള്‍ തിരിച്ചു നല്‍കി പുതുക്കുവാനുള്ള അപേക്ഷ കൊടുക്കാമെങ്കിലും,അതേ ദിവസം തന്നെ ഇനി ഗാര്‍ഡ കാര്‍ഡ് ലഭിക്കില്ല.പകരം ഡബ്ലിനിലെ മെയിന്‍ ഓഫിസില്‍ നിന്നും പ്രിന്റ് ചെയ്ത കാര്‍ഡ് തിരികെ വരും വരെ കാത്തിരിക്കേണ്ടിവരും.

ഡബ്ലിന്‍ മെട്രോ പരിധിക്കു പുറത്തു താമസിക്കുന്ന മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് ഗാര്‍ഡകാര്‍ഡ് പുതുക്കാനുള്ള അപേക്ഷ നല്‍കുന്നതിനും,അത് തിരിച്ചു വാങ്ങുന്നതിനുമായി രണ്ടു തവണ ഇനി മുതല്‍ ഗാര്‍ഡ ഓഫിസില്‍ എത്തേണ്ടി വരും.ഈ പ്രദേശങ്ങളിലുള്ളവര്‍ ഗാര്‍ഡ കാര്‍ഡ് പുതുക്കി കിട്ടുന്നതിന് ഒരാഴ്ച്ച മുതല്‍ രണ്ടാഴ്ച്ച വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

എന്നാല്‍ ഡബ്ലിന്‍ നഗരപരിധിയിലുള്ളവര്‍ക്ക് അപേക്ഷ കൊടുക്കുന്ന ദിവസം തന്നെ ഗാര്‍ഡാ കാര്‍ഡ് നല്‍കുന്ന സംവിധാനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. 

മെയ് 9 ന് വെള്ളിയാഴ്ച്ച മുതല്‍ തിങ്കളാഴ്ച രാവിലെ 8 മണി വരെ പുതിയ സംവിധാനത്തിലേയ്ക്ക് മാറുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യേണ്ടതിനായി ഡബ്ലിനിലെ ഗാര്‍ഡ (ജി എന്‍ ഐ ബി )ഓഫിസ് അടച്ചിടും.

ബാങ്ക് ഹോളിഡേയ്ക്ക് ശേഷം ചൊവ്വാഴ്ച്ച തുറക്കുമ്പോള്‍ മുതല്‍ ഈ ആഴ്ച്ച മുഴുവന്‍ സ്റ്റാഫിന്റെ ട്രെയിനിംഗ് നടക്കുന്നതിനാല്‍ ഗാര്‍ഡ കാര്‍ഡ് പുതുക്കാനെത്തുന്നവര്‍ക്ക് കാലതാമസം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു അധികൃതര്‍ അറിയിച്ചു.

മിക്ക ഗാര്‍ഡ ഓഫിസുകളിലും ഇന്നലെ മുതല്‍ തന്നെ കാര്‍ഡ് പുതുക്കാന്‍ എത്തുന്നവരോടും പുതിയതായി എടുക്കാന്‍ എത്തുന്നവരോടും അധികൃതര്‍ ഈ വിവരം അറിയിക്കുന്നുണ്ട്.പുതിയതായി എത്തുന്നവരോടും,അത്യാവശ്യമായി പുതുക്കേണ്ടാത്തവരോടും പത്താം തിയതിയ്ക്ക് ശേഷം എത്താന്‍ അഭ്യര്‍ഥിച്ചു മലയാളികള്‍ അടക്കമുള്ളവരെ മടക്കി അയച്ച സംഭവം കൗണ്ടി കോര്‍ക്കിലെ കൂബില്‍ നിന്നും ലീമറിക്കില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നിലവിലുള്ള കാലാവധിയ്ക്ക് തന്നെ ഗാര്‍ഡ കാര്‍ഡുകള്‍ പുതിയ സ്മാര്‍ട്ട് കാര്‍ഡിലേയ്ക്ക് മാറ്റണമെന്ന് അധികൃതര്‍ അറിയിച്ചു.

Scroll To Top