Tuesday December 06, 2016
Latest Updates

ഗാന്ധിജയന്തി ദിനത്തില്‍ സംസ്ഥാനത്ത് 39 മദ്യവില്‍പ്പന ശാലകള്‍ നിര്‍ത്തും; ഒക്ടോബര്‍ 5 ഞായറാഴ്ച ഡ്രൈഡേ 

ഗാന്ധിജയന്തി ദിനത്തില്‍ സംസ്ഥാനത്ത് 39 മദ്യവില്‍പ്പന ശാലകള്‍ നിര്‍ത്തും; ഒക്ടോബര്‍ 5 ഞായറാഴ്ച ഡ്രൈഡേ 

തിരുവനന്തപുരം: യു.ഡി.എഫ് രൂപം നല്‍കിയ മദ്യനയത്തിന് സര്‍ക്കാര്‍ അംഗീകാരം. ഇതിന്റെ ആദ്യ പടിയായി വരുന്ന ഗാന്ധിജയന്തി ദിനത്തില്‍ 39 ചില്ലറ മദ്യവില്‍പ്പനശാലകള്‍ നിര്‍ത്തലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബിവറേജസ് കോര്‍പ്പറേഷന്റെ 34 ഉം കണ്‍സ്യൂമര്‍ഫെഡിന്റെ അഞ്ചും ഔട്ട് ലെറ്റുകള്‍ അടക്കം 39 മദ്യവില്‍പ്പനശാലകളാണ് നിര്‍ത്തലാക്കുന്നത്. 10 ശതമാനം ഔട്ട് ലെറ്റുകള്‍ നിര്‍ത്തലാക്കുന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ 338 ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റുകളില്‍ 34 എണ്ണവും 46 കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളില്‍ 5 എണ്ണവും ഓരോ വര്‍ഷവും നിര്‍ത്തലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവ ഏതൊക്കെയാണെന്ന് അതാത് സ്ഥാപനങ്ങള്‍ തീരുമാനിക്കും. 

ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനത്തില്‍ നിന്നും മദ്യവിരുദ്ധ ബോധവത്ക്കരണത്തിനായി ഒരു ശതമാനവും തൊഴില്‍ നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനായി 5 ശതമാനവും മാറ്റിവയ്ക്കണമെന്ന മദ്യനയത്തിലെ നിര്‍ദേശത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇവയ്ക്ക് രണ്ടിനും കൂടി 5 ശതമാനം സെസ് ഏര്‍പ്പെടുത്തി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം. ഒക്ടോബര്‍ 2 മുതല്‍ ഇത് നടപ്പാക്കാനാണ് പരിപാടി. കൂടാതെ 334 ലക്ഷം മലയാളികളുടെ സഹകരണത്തോടെ കേരള ആല്‍ക്കഹോള്‍ എഡ്യൂക്കേഷന്‍, റിസര്‍ച്ച്, റീ ഹാബിലിറ്റേഷന്‍ ആന്‍ഡ് കോംപന്‍സേഷന്‍ ഫണ്ട് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് പുതിയ മദ്യനയത്തിന് അംഗീകാരം നല്‍കിയത്. ഇക്കാര്യം 26 ന് കോടതിയെ അറിയിക്കും. 

നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ വിഭാഗത്തില്‍പ്പെട്ട 312 ബാറുകള്‍ ഈ വര്‍ഷം പൂട്ടാനും യോഗം തീരുമാനിച്ചു. കൂടാതെ ഞായറാഴ്ച ഡ്രൈഡേ ആക്കാനുള്ള തീരുമാനം ഗാന്ധിജയന്തിക്ക് ശേഷം വരുന്ന ആദ്യ ഞായറാഴ്ച അതായത് ഒക്ടോബര്‍ 5 മുതല്‍ നടപ്പാക്കാനും തീരുമാനമായി.

Scroll To Top