Saturday December 03, 2016
Latest Updates

ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ ആര്‍ക്കാണ് പേടിക്കേണ്ടത് ?

ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ ആര്‍ക്കാണ് പേടിക്കേണ്ടത് ?

പണ്ട് ചില ദേവാലയങ്ങളില്‍ പെരുന്നാള്‍ നിശ്ചയിച്ചു എന്ന് അറിയിക്കുന്നതു വിളിച്ചു കൂവലോടെയാണ്. കേള്‍ക്കുന്നവരും കൂവും. ഏറ്റുകൂവുന്നവരില്‍ പലര്‍ക്കും പെരുന്നാള്‍ തീയതി എന്നാണെന്ന് അറിവുണ്ടാകില്ല. അതുപോലൊരു കൂവലാണു കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത്. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ കുടിയിറങ്ങേണ്ടിവരുമെന്നും വികസനം മുരടിക്കുമെന്നും പറഞ്ഞ് ഗാഡ്ഗില്‍കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുടെ പേരില്‍ ഇടുക്കിയിലും വയനാടിലും ഹര്‍ത്താല്‍ വരെ നടത്തി . ഈ റിപ്പോര്‍ട്ടുകളുടെ പേരില്‍ നിലവിലെ ജീവിത സാഹചര്യങ്ങളില്‍നിന്ന് ആരേയും പറിച്ചെറിയേണ്ടിവരില്ലെന്നതാണു സത്യം.

thiruvambadiഈ റിപ്പോര്‍ട്ടുകളുടെ പേരില്‍ നിലവിലെ ജീവിത സാഹചര്യങ്ങളില്‍നിന്ന് ആരേയും പറിച്ചെറിയേണ്ടിവരില്ലെന്നതാണു സത്യം. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ ആറ് സംസ്ഥാനങ്ങളിലെ ജീവന്‍ നിലനിര്‍ത്തുന്ന പ്രദേശമാണു പശ്ചിമഘട്ടം. ഈ സംസ്ഥാനങ്ങളിലെ നദികള്‍ക്കുള്ള ജലം ഉറവയെടുക്കുന്നതും ജൈവവൈവിധ്യത്തിന്റെ ഈ സുവര്‍ണ ഭൂമിയിലാണ്.

ഗോവ, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ പ്രദേശത്തെ ആഴത്തില്‍ പരുക്കേല്‍പ്പിച്ചുള്ള ഖനനമാണു നടക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും പാറഖനനം ധാരാളം നടക്കുന്നുണ്ട്. ഈ അവസ്ഥ തുടര്‍ന്നാല്‍ കുടിവെള്ളം മാത്രമല്ല ജീവന്റെ നിലനില്‍പു പോലും ഭീഷണിയിലാകും. വരും തലമുറയ്ക്കു കൂടി ജീവജലം കരുതി വയ്ക്കണമെന്ന ലക്ഷ്യംവച്ചാണു പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ശാസ്ത്രഞ്ജനായ മാധവ് ഗാഡ്ഗിലിന്റെ അധ്യക്ഷതയില്‍ സമിതി രൂപീകരിച്ചത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോലമേഖലകളെ മൂന്നു മേഖലകളാക്കി തിരിച്ച് ഖനനം നിരോധിക്കണമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നുമുള്ള ശിപാര്‍ശയോടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറംലോകം അറിയാതെ സൂക്ഷിച്ച വനംപരിസ്ഥിതി വകുപ്പിന്റെ നടപടി ജനത്തില്‍ ആശങ്ക വളര്‍ത്തി.

പശ്ചിമഘട്ടത്തില്‍നിന്ന് ജനത്തെ മാറ്റിപാര്‍പ്പിക്കേണ്ടി വരുമെന്നതടക്കമുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുറത്തു പോകാതിരിക്കാന്‍ മന്ത്രാലയം നിയമനടപടിയുമായി ഇറങ്ങിയതോടെ ആശങ്കകള്‍ വര്‍ധിച്ചു.റിപ്പോര്‍ട്ട് പുറത്തു വന്നതോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പരാതിയുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണു ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പരിശോധിക്കാന്‍ കസ്തൂരിരംഗന്‍ കമ്മിറ്റിയെ നിയമിച്ചത്. ജനത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കുന്നതില്‍ ഈ കമ്മിറ്റിക്കും കഴിഞ്ഞില്ല. ഓടി നടന്ന് തെളിവെടുപ്പു നടത്തി പശ്ചിമഘട്ടത്തെ ജനാവാസമേഖലയെന്നും പരിസ്ഥിതി വിലോല മേഖലയെന്നും രണ്ടായി തിരിച്ച് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്നു കേന്ദ്രം ഹരിത ട്രിബ്യൂണലിനെ അറിയിച്ചതിനു പിന്നാലെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരേയും നീക്കം തുടങ്ങി.

റിപ്പോര്‍ട്ടനുസരിച്ച് ഒരാളെപ്പോലും കുടിയൊഴിപ്പിക്കേണ്ടിവരില്ലെന്നു നിയമവിദഗ്ധര്‍ ആണയിടുന്നു. ഖനനം, പാറപൊട്ടിക്കല്‍ എന്നിവ തടഞ്ഞ് പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്ന നയമാണു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടെന്ന് വനംപരിസ്ഥിതി കേസുകള്‍ കൈകാര്യം ചെയ്യുന്ന സംസ്ഥാന സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ എം.ആര്‍. രമേഷ് ബാബു പറഞ്ഞു.

പട്ടയം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന ഭൂമി വനഭൂമിയാക്കേണ്ടി വരില്ല. അതിനാല്‍ നേരത്തേ തീരുമാനിച്ചിരിക്കുന്ന പട്ടയവിതരണത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ട. 1977 മുമ്പുള്ള കുടിയേറ്റക്കാര്‍ക്കു പട്ടയം നല്‍കാന്‍ 1986ല്‍ തീരുമാനിച്ചതാണ്. വനംപരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് അനുമതിയും ലഭിച്ചു എന്നു മാത്രമല്ല സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തതാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടാനില്ല. മാത്രമല്ല റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പിലാക്കുകയല്ല ചെയ്യുന്നത്. കേരളത്തിന്റെ ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കി പ്രാഥമിക റിപ്പോര്‍ട്ട് സംസ്ഥാനം വനംപരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആശങ്ക പരിഹരിക്കാതെ ഉടനടി റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്നും അഡ്വ. രമേഷ്ബാബു പറയുന്നു.

പട്ടയ നിഷേധം മുന്‍കാല പ്രധാന്യത്തോടെ നടപ്പിലാക്കണമെന്നും റിപ്പോര്‍ട്ടുകള്‍ ശിപാര്‍ശ ചെയ്യുന്നില്ല. കൈയേറ്റം തടയുന്നതിന്റെ ഭാഗം കൂടിയായിട്ടാണു സര്‍ക്കാര്‍ ഭൂമി സ്വകാര്യമായി ഉപയോഗിക്കരുത് എന്നു ശിപാര്‍ശ ചെയ്യുന്നത്. സിമെന്റ്, കമ്പി ഉപയോഗം നിയന്ത്രിക്കണമെന്നു മാത്രമാണ് റിപ്പോര്‍ട്ട് അര്‍ത്ഥമാക്കുന്നത്. മാത്രമല്ല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക പങ്കും ഉറപ്പു വരുത്തുന്നു. തീരപ്രദേശത്തും ഇടനാട്ടിലും ഇത്തരത്തില്‍ പല നിയന്ത്രണങ്ങളും നിലവിലുണ്ട്.like-and-share

പരിസ്ഥിതി സൗഹൃദ നിര്‍മാണപ്രവര്‍ത്തനവും പാരമ്പര്യേതര ഊര്‍ജ സമാഹരണവും മഴവെള്ള സംഭരണിയും ഉറപ്പു വരുത്തണമെന്നാണു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അല്ലാതെ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ പുതിയ വീട് പണി നടക്കില്ലെന്നു വ്യാഖ്യാനിച്ച് പദ്ധതി റിപ്പോര്‍ട്ട് കുളമാക്കേണ്ടെന്നു പച്ചമലയാളം. ജനസംഖ്യാനുപാതികമായി വീടുകള്‍ നിര്‍മിക്കുന്നതിന് റിപ്പോര്‍ട്ട് എതിരല്ല. മാരകമായ രാസകീടനാശിനികളുടെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുന്നതിനെക്കുറിച്ചും ഇരു റിപ്പോര്‍ട്ടുകളിലും സൂചിപ്പിക്കുന്നുണ്ട്.

15 ശതമാനം ചെരിവുള്ള സ്ഥലങ്ങളില്‍ ആവര്‍ത്തന കൃഷി ഒഴിവാക്കണമെന്നു നിര്‍ദേശിക്കുന്നത് മണ്ണൊലിപ്പ് തടയുന്നതിന്റെ കൂടി ഭാഗമാണ്. തേയില, ഏലം, തേക്ക് എന്നിവ കൃഷി ചെയ്യുന്നതിനു തടസവുമില്ല. വാസ്തവം ഇങ്ങനെയാണെന്നിരിക്കെ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ കുടിയൊഴിപ്പിക്കപ്പെടുമെന്നും ഇടുക്കി, വയനാട് ജില്ലകള്‍ കാട്ടുപ്രദേശമായി മാറുമെന്നും പറയുന്നതു വെറും ഊഹാപോഹം മാത്രമാണെന്നു പറയാതെ വയ്യ.

(കടപ്പാട് ;ഡി ധനസുമോദ് )

Scroll To Top