Sunday December 04, 2016
Latest Updates

ഗാഡ്ഗില്‍ അനുകൂല പരാമര്‍ശം :വി എസും പിണറായിയും വീണ്ടും കൊമ്പ് കോര്‍ക്കുന്നു

ഗാഡ്ഗില്‍ അനുകൂല പരാമര്‍ശം :വി എസും പിണറായിയും വീണ്ടും  കൊമ്പ് കോര്‍ക്കുന്നു

കൊയിലാണ്ടി: ഈയിടെയായി എല്ലാം തണുത്താറി എന്ന് കരുതിയതായിരുന്നു സി പി എമ്മിലെ നിക്ഷ്പക്ഷ മതികള്‍. എന്നാല്‍ ഒന്നിനും മാറ്റം വന്നിട്ടില്ലെന്ന് സൂചന നല്‍കി സി പി എമ്മിലെ വി എസ് പിണറായി ആഭ്യന്തര പോര് വീണ്ടും. കേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക മേഖലയില്‍ കടുത്ത വിയോജിപ്പുകള്‍ സൃഷ്ടിച്ച ഗാഡ്ഗിലില്‍ റിപ്പോര്‍ട്ടിനെ ചൊല്ലിയാണ് പുതിയ സംഘട്ടനം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ജനദ്രോഹപരമായിരുന്നെന്നും നേരത്തേ വന്ന ഗാഡ്ഗില്‍ കൊള്ളാമെന്നുമാണ് വി എസിന്റെ നിലപാട് .

അതിനെയാണ് പിണറായി ഇന്ന് കൊയിലാണ്ടിയില്‍ പരസ്യമായി തള്ളി പറഞ്ഞത്. കസ്തൂരി രംഗനും ഗാഡ്ഗിലും പാര്‍ട്ടിക്ക് ഒരു പോലെയാണെന്നും പ്രശ്‌ന പരിഹാരത്തിനായി പുതിയൊരു സമിതിയെ പഠനത്തിനായി നിയോഗിക്കുകയാണ് ചെയ്യേണ്ടതെന്നുമാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. അതിനായി പരിസ്ഥിതി ശാസ്ത്രജ്ഞന്മാരും സാംസ്‌കാരികപ്രവര്‍ത്തകരുമടങ്ങുന്ന സമിതിയെ നിയോഗിക്കണം. വി എസ് തെറ്റിദ്ധാരണ കൊണ്ടായിരിക്കാം പറഞ്ഞതെന്ന് പറഞ്ഞെങ്കിലും വി എസിനോടുള്ള കടുത്ത വിയോജിപ്പ് തുടര്‍ വാക്കുകളില്‍ പ്രകടമായിരുന്നു.
ആറന്മുള വിമാനത്താവള വിഷയത്തില്‍ പാര്‍ട്ടിയുടെ പഴയ നിലപാടു തന്നെയാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ഭൂമിയുടെ പോക്കുവരവ് അടക്കം നടത്തിയത് യു ഡി എഫ് സര്‍ക്കാരാണ്. കൊയിലാണ്ടിയില്‍ നടപടിക്ക് വിധേയനായ ബാലകൃഷ്ണനും ഇതംഗീകരിച്ചിട്ടുണ്ട്. അവിടെ ഭിന്നിപ്പിന്റെ പ്രശ്‌നങ്ങള്‍ ഉദിക്കുന്നില്ല. പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ പാര്‍ട്ടി തന്നെ തീര്‍ക്കും, അദ്ദേഹം പറഞ്ഞു.

Scroll To Top