Sunday December 04, 2016
Latest Updates

ഗവര്‍ണര്‍ പി. സദാശിവം കേരളം വിടുന്നതായി സൂചന

ഗവര്‍ണര്‍ പി. സദാശിവം കേരളം വിടുന്നതായി സൂചന
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ പി. സദാശിവം കേരളത്തോട് വിടപറയാനൊരുങ്ങുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കേന്ദ്രസര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്ന പേരുകളിലൊന്നാണ് മുന്‍ ചീഫ് ജസ്റ്റീസ കൂടിയായ പി. സദാശിവത്തിന്റേത്. കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതായി അദ്ദേഹത്തിനും ബോദ്ധ്യമുണ്ട്. അതുകൊണ്ട് തന്നെ ഉടന്‍ കേരളം വിടാനുള്ള മാനസികമായ തയാറെടുപ്പുകളിലാണ് പി. സദാശിവമെന്ന് മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
മലയാളിയായ ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണനാണ് ഇപ്പോഴത്തെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍. മെയ് 12ന് അദ്ദേഹം തല്‍സ്ഥാനത്ത് നിന്നും വിരമിക്കും. ഈ സ്ഥാനത്തേക്കാണ് മോദി സര്‍ക്കാര്‍ പി. സദാശിവത്തെ നിയമിക്കാനൊരുങ്ങുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റീസായി സേവനം അനുഷ്ടിച്ചിട്ടുള്ള വ്യക്തിയെ മാത്രമെ നിയമിക്കാന്‍ സാധിക്കുകയുള്ളു എന്നതിനാണ് മോഡിയ്ക്കും അമിത് ഷായ്ക്കും പ്രിയങ്കരനായ സദാശിവത്തെ തന്നെ പരിഗണിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സദാശിവത്തെ കേരളാ ഗവര്‍ണറായി നിയമിച്ചത്. ഇന്ത്യയില്‍തന്നെ ആദ്യമായിട്ടായിരുന്നു ചീഫ് ജസ്റ്റീസായിരുന്ന ഒരാള്‍ സംസ്ഥാന ഗവര്‍ണറാകുന്നത്. ഇതേത്തുടര്‍ന്ന് ഇതിന്റെ നിയമസാധ്യതയെ ചൊല്ലി നിരവധി ചര്‍ച്ചകളും വിവാദങ്ങളും ഉണ്ടാകുകയും ചെയ്തിരുന്നു.
പി. സദാശിവത്തെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി അവരോധിക്കുന്നതോടെ ബിജെപി സര്‍ക്കാരിന്റ അജണ്ട നടപ്പാക്കല്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കുമെന്ന രാഷ്ട്രീയമാനം കൂടിയുണ്ട് ഈ നിയമനത്തിന് പിന്നില്‍. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ഏജന്‍സികളിലും ബിജെപി രാഷ്ട്രീയ വീക്ഷണകോണുള്ള വ്യക്തികളെ കുത്തിനിറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വേണം ഈ നിയമനത്തെയും കാണാന്‍. ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തലപ്പത്ത് തുടങ്ങിയതാണ് ഈ അഴിച്ചുപണി. ഇത് ഇപ്പോഴും തുടരുകയാണ്.
Scroll To Top