Monday December 05, 2016
Latest Updates

ഗള്‍ഫ് വ്യവസായിയെ കൊന്ന് 16 കഷണങ്ങളാക്കിയ സംഭവം : പ്രതിക്ക് വധശിക്ഷ

ഗള്‍ഫ് വ്യവസായിയെ കൊന്ന് 16 കഷണങ്ങളാക്കിയ സംഭവം : പ്രതിക്ക് വധശിക്ഷ

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും വധശിക്ഷ. വര്‍ക്കല നരിക്കല്ലുമുക്ക് സലീം മന്‍സിലില്‍ സലീമിനെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാംപ്രതി ഷെരീഫിന് തിരുവനന്തപുരം മുന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. രണ്ടാംപ്രതിയായ സ്‌നോഫറിന് ജീവപര്യന്തം തടവും പത്തു ലക്ഷം രൂപ പിഴയും വിധിച്ചു.

2011 ജൂലൈ ഒന്‍പതിനായിരുന്നു കോളിളക്കം സൃഷ്ടിച്ച സംഭവം. ഗള്‍ഫിലെ വ്യവസായിയായിരുന്ന സലീമിനെ കൊലപ്പെടുത്തി 16 കഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളില്‍ കെട്ടിപ്പൊതിഞ്ഞു വളക്കുഴിയില്‍ മറവുചെയ്തുവെന്നാണ് കേസ്.

പ്രതികള്‍ റിയാദില്‍ പണം പലിശയ്ക്കു കൊടുക്കുന്ന ബിസിനസ് നടത്തിയിരുന്നു. സലീമില്‍ നിന്നു ലക്ഷക്കണക്കിനു റിയാല്‍ കുറഞ്ഞ പലിശയ്ക്കു വാങ്ങി കൂടിയ പലിശയ്ക്കാണ് ഇവര്‍ നല്‍കിയിരുന്നത്. വാങ്ങിയ പണം തിരികെ കൊടുക്കാതിരിക്കാനാണു സലീമിനെ ഷെരീഫിന്റെ വീട്ടില്‍ കൊണ്ടുപോയി ലഹരിമരുന്നു ഗുളികകള്‍ കൊണ്ടുണ്ടാക്കിയ ഐസ് മദ്യത്തില്‍ കലര്‍ത്തി കൊടുത്തശേഷം വെട്ടിക്കൊലപ്പെടുത്തിയത്.

പ്രതികള്‍ ഇരുവരും ഗള്‍ഫില്‍ വച്ചു ഗൂഢാലോചന നടത്തി അവിടെവച്ചു തന്നെ കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഗള്‍ഫില്‍ പിടിക്കപ്പെട്ടാല്‍ തലവെട്ടുമെന്നതിനാലാണു കൃത്യം നാട്ടില്‍വച്ചു നടത്താന്‍ തീരുമാനിച്ചത്. കണ്ണൂര്‍ സ്വദേശിയായ ഒരാളിന്റെ പാസ്‌പോര്‍ട്ടിന്റെ കോപ്പിയില്‍ തിരുത്തലുകള്‍ വരുത്തി വ്യാജ വിലാസം രേഖപ്പെടുത്തിയും ബംഗ്ലദേശുകാരനായ യുവാവിന്റെ ഫോട്ടോ ഒട്ടിച്ചും ഉണ്ടാക്കിയെടുത്ത വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് എടുത്ത മൊബൈല്‍ കണക്ഷന്‍ ഉപയോഗിച്ചാണ് പ്രതികള്‍ സലീമിനെ വിളിച്ചുവരുത്തിയത്.

ഹവാല ഇടപാടുകാരായ പ്രതികള്‍ ഒരു കൊല്ലത്തോളം ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയത്. കൊലയ്ക്കു മുന്‍പായി അവര്‍ സലീമില്‍ നിന്നു വന്‍ തുക വായ്പയായി വാങ്ങി വസ്തുവകകള്‍, ആഡംബര കാറുകള്‍ തുടങ്ങിയവ വാങ്ങുകയും വന്‍വീടുകളുടെ പണി ആരംഭിക്കുകയും ചെയ്തു.

സംഭവസമയം ഗള്‍ഫിലായിരുന്ന രണ്ടാം പ്രതി ബിസിനസുകള്‍ ബന്ധുവിനെ ഏല്‍പ്പിച്ചു രഹസ്യമായി നാട്ടിലേക്കു കടക്കവെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാവുകയായിരുന്നു. സലീം കൊല്ലപ്പെടുത്തുതിനും ആഴ്ചകള്‍ക്കു മുന്‍പു രണ്ടാം പ്രതി തൃശൂരില്‍ വാങ്ങിയ ഇരുനില വീടും 50 സെന്റ് സ്ഥലവും പുതിയ ഇന്നോവ കാറുമെല്ലാം പൊലീസ് കണ്ടുകെട്ടി.

തികച്ചും ശാസ്ത്രീയമായ മാര്‍ഗങ്ങളില്‍ക്കൂടിയാണ് ഈ കേസ് തെളിയിച്ചതെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. രണ്ടായിരത്തോളം പേജ് വരുന്ന കുറ്റപത്രമാണു ചുരുങ്ങിയ സമയം കൊണ്ടു പൊലീസ് തയാറാക്കിയത്. പ്രതികള്‍ ഇപ്പോഴും റിമാന്‍ഡില്‍ കഴിയുകയാണ്. ആറ്റിങ്ങല്‍ ഡിവൈഎസ്പി: കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

Scroll To Top