Friday December 09, 2016
Latest Updates

ഗര്‍ഭഛിദ്രത്തിന് പകരം സിസേറിയന്‍ ,പ്രതിഷേധമിരമ്പുന്നു ,സ്വതന്ത്ര അന്വേഷണമെന്ന് വരേദ്കര്‍

ഗര്‍ഭഛിദ്രത്തിന് പകരം സിസേറിയന്‍ ,പ്രതിഷേധമിരമ്പുന്നു ,സ്വതന്ത്ര അന്വേഷണമെന്ന് വരേദ്കര്‍

ഡബ്ലിന്‍: ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയ വിദേശ വനിതയെ സിസേറിയന്‍ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഡബ്ലിനില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ മാര്‍ച്ച് നടന്നു. സമാനമായ പ്രതിഷേധ പ്രകടനങ്ങള്‍ ലണ്ടനിലും നടന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി അതോറിറ്റിയുടെ (ഹിക്വ) നേതൃത്വത്തിലാണ് സ്വതന്ത്ര അന്വേഷണം നടത്തുക. ഗര്‍ഭഛിദ്ര അനുമതി നിഷേധിക്കപ്പെട്ട യുവതിക്ക് നല്‍കിയ ചികിത്സകള്‍ ഉള്‍പ്പെടെ എല്ലാ വിശദാംശങ്ങളും അന്വേഷണ വിധേയമാക്കും. 

ഇന്നലെയാണ് ഡബ്ലിനിലും ലണ്ടനിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. എച്ച്എസ്ഇ അധികൃതരുടെ നടപടിക്കെതിരെ ആയിരങ്ങള്‍ തെരുവില്‍ ഇറങ്ങി. ചോയിസ് അയര്‍ലണ്ടിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. ഗര്‍ഭഛിദ്രം അനുവദിക്കുന്നത് സംബന്ധിച്ച് ജനഹിത പരിശോധന നടത്തണമെന്ന് പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നവര്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ജനങ്ങള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കേണ്ടതുണ്ട് ഈ സാഹചര്യത്തില്‍ ജനഹിത പരിശോധന നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം. എന്നാല്‍ ജനഹിത പരിധോധന അനുവദിക്കാനിടയില്ലെന്ന് സര്‍ക്കാരിനോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. 

ലേബര്‍ പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗം ജനഹിത പരിശോധന ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് അനുവദിക്കാന്‍ സാധ്യതയില്ലെന്ന് വിദേശകാര്യ മന്ത്രി ചാര്‍ളി ഫ്‌ലനാഗന്‍ പറഞ്ഞു. ഇതിനിടെ എച്ച്എസ്ഇ മൂന്നംഗ സമിതിയെ അന്വേഷണത്തിനായി നിയമിച്ചു.യുവതിക്ക് നല്‍കിയ ചികിത്സകള്‍ ഉള്‍പ്പെടെ എല്ലാ വിശദാംശങ്ങളും മൂന്നംഗ സമിതി അന്വേഷിക്കും.

Scroll To Top