Tuesday December 06, 2016
Latest Updates

ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിക്കപ്പെട്ട വിദേശ യുവതി ബലാത്സംഗത്തിന് ഇരയായിരുന്നതായി റിപ്പോര്‍ട്ട്

ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിക്കപ്പെട്ട വിദേശ യുവതി ബലാത്സംഗത്തിന് ഇരയായിരുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കഴിഞ്ഞയാഴ്ച്ച ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിക്കപ്പെട്ട യുവതി ബാലാത്സംഗത്തിന് ഇരയായിരുന്നതായി റിപ്പോര്‍ട്ട്. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണി ആയതിനെ തുടര്‍ന്നാണ് യുവതി ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയത്. എന്നാല്‍ അധികൃതര്‍ ഗര്‍ഭഛിദ്രം നിഷേധിക്കുകയും സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. അമ്മയുടെയോ ഗര്‍ഭസ്ഥ ശിശുവിന്റെയോ ജീവന് ഭീഷണിയുണ്ടെങ്കില്‍ ഗര്‍ഭഛിദ്രം അനുവദിക്കാമെന്ന പുതിയ നിയമ പ്രകാരമാണ് യുവതി ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയത്. എന്നാല്‍ യുവതിയുടെ അപേക്ഷ നിരസിച്ച ഡോക്ടര്‍മാര്‍ സിസേറിയന്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

യുവതിയുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടുള്ള അന്വേഷണമായിരിക്കും നടക്കുകയെന്ന് എച്ച്എസ്ഇ വ്യക്തമാക്കി. വിദേശിയായ ഒരു യുവതിയാണ് ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയത്. താന്‍ അയര്‍ലണ്ടില്‍ എത്തിയതിനു ശേഷം നടന്ന  വൈദ്യ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് യുവതിയുടെ വാദം. ഇതേതുടര്‍ന്നാണ് യുവതി ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയത്.ഗര്‍ഭിണിയാണെന്ന് മനസിലായതിനെതുടര്‍ന്നു കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു യുവതി.

തനിക്കു കുഞ്ഞിനെ പ്രസവിക്കാനും പോറ്റി വളര്‍ത്താനുമുള്ള ശേഷിയില്ലെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.അനുമതി നിഷേധിച്ചതോടെ ജലപാനവും ആഹാരവും മുടക്കി യുവതി പ്രതിഷേധിച്ച് നോക്കിയെങ്കിലും അധികൃതര്‍ നിര്‍ബന്ധ പൂര്‍വ്വം സിസേറിയന് വിധേയമാക്കുകയായിരുന്നു.

അയര്‍ലണ്ടില്‍ പഠിക്കാന്‍ വന്ന ഈ യുവതി ഇന്ത്യയില്‍ നിന്നുള്ളയാളാണ് എന്നായിരുന്നു ആദ്യ പ്രചരണം.എന്നാല്‍ യഥാര്‍ഥത്തില്‍ റുമാനിയക്കാരി ആണെന്നാണ് സൂചന.

സംഭവം വിവാദമായതോടെ എച്ച്എസ്ഇ അധികൃതര്‍ അന്വേഷണ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ടു പലവിധ അഭിപ്രായങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് എച്ച്എസ്ഇ അധികൃതര്‍ അന്വേഷണ റിപ്പോര്‍ട്ട് തേടിയത്. ഇത് സംബന്ധിച്ച് പ്രധാരിക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ അനുയോജ്യമല്ലെന്ന് എച്ച്എസ്ഇ അധികൃതര്‍ പറഞ്ഞു. അടുത്ത മാസം അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് എച്ച്എസ്ഇ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എച്ച്എസ്ഇ ഡയറക്ടര്‍ ജനറലാണ് അന്വേഷണ റിപ്പോര്‍ട്ട് തേടിയത്. 

Scroll To Top