Monday December 05, 2016
Latest Updates

ഗഗ്‌നം സ്‌റ്റൈല്‍ കൊറിയന്‍ ടൂറിസ്റ്റ് പോലീസ്

ഗഗ്‌നം സ്‌റ്റൈല്‍ കൊറിയന്‍ ടൂറിസ്റ്റ് പോലീസ്

ടൂറിസ്റ്റ് പോലീസുകാരുടെ യൂനിഫോമില്‍ ഗഗ്‌നം സ്‌റ്റൈലുമായി സൗത്ത് കൊറിയന്‍ പോലീസുകാര്‍. ‘സ്മാര്‍ട്ട്’ ആയിട്ടുള്ള വേഷത്തോടെയായിരിക്കും ഇനി സൗത്ത് കൊറിയന്‍ ടൂറിസ്റ്റ് പോലീസുകാര്‍ രംഗത്തുവരിക.
ഏകദേശം നൂറോളം വരുന്ന ആണ്‍ പെണ്‍ ടൂറിസ്റ്റ് പോലീസുകാരെയാണ് ടൂറിസ്റ്റുകളെ സംരക്ഷിക്കാനുള്ള ഫോഴ്‌സിന്റെ പുതിയ ബാച്ചില്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പോലീസുകാര്‍ക്ക് പല ഭാഷകളിലും പരിജ്ഞാനം അഭികാമ്യമായിരുന്നു. പലര്‍ക്കും കൊറിയന്‍ ഭാഷ കൂടാതെ ഇംഗ്ലീഷ്, ജാപ്പനീസ്, മാന്ററിന്‍ തുടങ്ങിയ ഭാഷകളും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുണ്ട്.
തങ്ങള്‍ കബളിപ്പിക്കപ്പെടുകയാണെന്ന് ഏതെങ്കിലും സഞ്ചാരികള്‍ക്ക് തോന്നുകയാണെങ്കില്‍ ഈ ടൂറിസ്റ്റുപോലീസുകാരെ സമീപിച്ചാല്‍ മതി ഇവര്‍ സഹായിക്കും എന്നാണ് റിപ്പോര്‍ട്ട്.
ഓരോ പോലീസുകാരും അവര്‍ക്കറിയാവുന്ന ഭാഷകളെ സൂചിപ്പിക്കുന്ന ബാഡ്ജ് ധരിച്ചിരിക്കും. കടും നീല നിറത്തിലുള്ള യൂനിഫോമാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. പിഎസ് വൈക്കുവേണ്ടി ഗഗ്‌നം സ്‌റ്റൈലിന് കോസ്റ്റിയൂം തയ്യാറാക്കിയ ഡിസൈനര്‍മാര്‍ തന്നെയാണ് പുതിയ പോലീസ് യൂനിഫോം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

പുതിയ പോലീസ് ഫോഴ്‌സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ ലോക പ്രശസ്തമായ ഗഗ്‌നം സ്‌റ്റൈല്‍ ഡാന്‍സും പ്രദര്‍ശിപ്പിച്ചു.
ടൂറിസ്റ്റ് പോലീസ് എന്ന ആശയം കൊണ്ടുവന്നത് രാജ്യം അരക്ഷിതാവസ്ഥ അനുഭവപ്പെട്ടതിനാലല്ലെന്നും ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകമാക്കാനാണെന്നും കൊറിയ ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് ലീ ചാം പറഞ്ഞു.
ആയുധമൊന്നും സൂക്ഷിക്കാത്ത ഓഫീസര്‍മാരാണ് ഇവര്‍, എന്നാല്‍ എന്തെങ്കിലും കുറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇടപെടാനും ഇവര്‍ക്കധികാരം നല്‍കിയിട്ടുണ്ട്.
2012ഓടെ തന്നെ സൗത്ത് കൊറിയയിലേക്ക് വരുന്ന ടൂറിസ്റ്റുകളുടെ എണ്ണം 10 മില്ല്യണായി ഉയര്‍ന്നിരുന്നു. ഇപ്പോഴും ഇവരുടെ ഒഴുക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഒരു പരിധിവരെ ഗഗനം സ്‌റ്റൈല്‍ എന്ന പാട്ട് ലോകം മുഴുവന്‍ ആസ്വദിച്ചതിന്റെ ഭാഗം കൂടിയാണ്.
യൂടൂബിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഒരു വീഡിയോ ആണ് ഗഗ്‌നം സ്‌റ്റൈല്‍. ഇത് ഏകദേശം 1.8 കോടി ജനങ്ങള്‍ ഇതിനകം കണ്ടുകഴിഞ്ഞിരിക്കുന്നു.

Scroll To Top