Sunday December 11, 2016
Latest Updates

ക്‌ളോവിസ് അപ്പൂപ്പന്റെ സ്വന്തം ബ്രസീല്‍….

ക്‌ളോവിസ് അപ്പൂപ്പന്റെ സ്വന്തം ബ്രസീല്‍….

ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീലിന്റെ അപ്രതീക്ഷിത പരാജയത്തിന്റെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ജര്‍മനിയോട് ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് പരാജയപ്പെട്ടു ബ്രസീല്‍ കീഴടങ്ങിയപ്പോള്‍ ലോകകപ്പിന്റെ മാതൃകയും കെട്ടിപ്പിടിച്ച് കൊണ്ട് കണ്ണീര്‍ പൊഴിച്ച ഒരു കപ്പടാ മീശക്കാരന്‍ മുത്തശനെ ആരും മറന്നിട്ടുണ്ടാകില്ല.

ലോകമെങ്ങുമുള്ള ടെലിവിഷന്‍ പ്രേക്ഷകര്‍ ഇദ്ദേഹത്തിന്റെ ദുഃഖം ടിവിയിലൂടെ കണ്ടു. ലോകജനതയുടെ മുന്നില്‍ ബ്രസീലിന്റെ ദുഖത്തിന്റെ പ്രതിനിധിയായി മാറി ഈ മുത്തശന്‍.

ക്‌ളോവിസ് അക്കോസ്റ്റാ ഫെര്‍ണാണ്ടസ് എന്നാണു ഈ അപ്പൂപ്പന്റെ പേര്. സച്ചിന്‍ എവിടെ കളിക്കുന്നുണ്ടോ അവിടെയൊക്കെ ഇന്ത്യന്‍ പതാകയുടെ നിറം ദേഹത്ത് അടിച്ച് കളി കാണാന്‍ വരുന്ന സുധീര്‍ കുമാര് ചൗദരിയെപ്പോലെയുള്ള ഒരു ആരാധകനാണ് ക്‌ളോവിസ് അപ്പൂപ്പന്‍.

ബ്രസീല്‍ എവിടെയൊക്കെ കളിക്കുന്നുണ്ടോ അവിടെയെല്ലാം ഇദ്ദേഹം സ്‌റ്റേഡിയത്തില്‍ ഉണ്ടാകും. 1990 ല്‍ ജോലി രാജി വച്ച ക്‌ളോവിസ് അന്ന് മുതല്‍ ബ്രസീലിന്റെ എല്ലാ കളികളും കാണാന്‍ ലോകം ചുറ്റുകയാണ്. 90 മുതല്‍ ഏഴു ലോകകപ്പുകള്‍, 6 കോപ്പ അമേരിക്ക, 4 കോണ്‍ഫെഡറേഷന്‍ കപ്പ് ഒരു ഒളിമ്പിക്‌സ് എന്നീ മത്സരങ്ങളിലായി ബ്രസീലിന്റെ എല്ലാ മത്സരങ്ങള്‍ക്കും ടീമിന് പ്രോത്സാഹനവുമായി ക്‌ളോവിസ് അപ്പൂപ്പന്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടാകും. ഇതുവരെ ബ്രസീലിന്റെ മത്സരങ്ങള്‍ കാണുന്നതിനു വേണ്ടി മാത്രം ക്‌ളോവിസ് അപ്പൂപ്പന്‍ 60 രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്.

ജര്‍മനി, മത്സരം പൂര്‍ത്തിയാകുന്നതിനു മുമ്പേ ബ്രസീല്‍ ആരാധകര്‍ ഭൂരിപക്ഷവും സ്‌റ്റേഡിയം വിട്ടിരുന്നു. എന്നാല്‍ ക്‌ളോവിസ് കളി തീര്‍ന്നതിന് ശേഷമാണ് മടങ്ങിയത്. കൂടാതെ തന്റെ കയ്യിലിരുന്ന ലോകകപ്പ് മാതൃക ഒരു ജര്‍മന്‍ ആരാധികയ്ക്ക് നല്കുകയും ചെയ്തു.

ഇനി ഇത് നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ട്രോഫി കൈമാറിയത്. ക്ലോവിസിന്റെ ഈ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ അംഗീകരിച്ചു കൊണ്ട് ജര്‍മനിയുടെ സൂപ്പര് താരം ഒസീല്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ക്ലോവിസിന്റെ ചിത്രം പോസ്റ്റ് ചെയ്തു.

ഈ ഒരു പരാജയം കൊണ്ട് ബ്രസീല്‍ ടീം ഇല്ലാതാകില്ലെന്ന അടിക്കുറിപ്പോടെയാണ് ഒസീല്‍ ക്ലോവിസിന്റെ ചിത്രം തന്റെ പേജില്‍ പോസ്റ്റ് ചെയ്തത്.

Scroll To Top