Monday December 05, 2016
Latest Updates

ക്രിസ്റ്റീന്‍ കൊടുങ്കാറ്റ് വരുന്നു, തിരമാലകള്‍ 70 അടി ഉയരുമെന്ന് മെറ്റ് എറാന്‍

ക്രിസ്റ്റീന്‍  കൊടുങ്കാറ്റ്   വരുന്നു, തിരമാലകള്‍ 70 അടി ഉയരുമെന്ന് മെറ്റ് എറാന്‍

ഡബ്ലിന്‍ :അയര്‍ലണ്ടിനെ തേടി ഒരപകടം കൂടി. കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായും കാറ്റും മഴയും വേലിയേറ്റവും വെള്ളപ്പൊക്കവുമൊക്കെയായി സാധാരണക്കാരെ വലച്ച കാലാവസ്ഥ അടങ്ങുമ്പോഴേക്കും അടുത്ത കൊടുങ്കാറ്റ് അയര്‍ലണ്ടിന് സമീപത്തെത്തിക്കഴിഞ്ഞതായാണ് മെറ്റ് എറാന്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ക്രിസ്റ്റീന്‍ കൊടുങ്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കാന്‍ പോകുന്നത് തീരപ്രദേശങ്ങളിലായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. 70 അടിയോളം ഉയരത്തില്‍ തിരമാലകളെ വീശിയടിപ്പിക്കാനുള്ള ശക്തിയോടെയാണ് ക്രിസ്റ്റീന്‍ അയര്‍ലണ്ടിലേക്കെത്തുന്നത്. ശക്തമായ കാറ്റുകള്‍ക്കുള്ള സാധ്യത ഉള്ളതിനാല്‍ മെറ്റ് എറാന്‍ എല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ലെയ്ന്‍സ്റ്റര്‍, കൊണാട്ട്, മണ്‍സ്റ്റര്‍, ഡൊണഗല്‍, മൊണഗന്‍, കാവന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ കാറ്റിന് സാധ്യത. പകല്‍ സമയങ്ങളില്‍ ശക്തമായ മഴയുണ്ടായേക്കാമെന്നും മെറ്റ് എറാന്‍ അറിയിക്കുന്നു.

കെറിയിലെ ഡിംഗലില്‍ നിന്നുള്ള ദൃശ്യം

കെറിയിലെ ഡിംഗലില്‍ നിന്നുള്ള ദൃശ്യം

ഇന്ന് രാവിലെ ഡബ്ലിന്റെയും കോര്‍ക്കിന്റെയും ഗാല്‍വേയുടെയും തീരപ്രദേശങ്ങളില്‍ വന്‍ തിരമാലകള്‍ അടിക്കാന്‍ ആരംഭിച്ചിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാവിലെ പത്തുമണിയോടെ സേനയുടെയും ,സിറ്റി കൌണ്‍സിലുകളുടെയും നേതൃത്വത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

ശക്തി കുറഞ്ഞ രീതിയിലായിരിക്കും രാത്രിയില്‍ കാറ്റ് വീശുകയെങ്കിലും പകലോടെ മഴയും ഒപ്പം കാറ്റും ശക്തി വച്ചുതുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്. ഇതേ അവസ്ഥ ബുധനാഴ്ച്ച വരെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സ്ഥിതിഗതികള്‍ ഇപ്പോള്‍ അല്‍പ്പം ശാന്തമാണെങ്കിലും ക്രിസ്റ്റീനിന്റെ വരവിനു മുന്‍പുള്ള ശാന്തത മാത്രമാണ് അതെന്നാണ് പല കാലാവസ്ഥ നിരീക്ഷകരും വിലയിരുത്തുന്നത്.
ശക്തമായ കാറ്റും മഴയും തീരപ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കുമെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍ അറിയിക്കുന്നത്.
കഴിഞ്ഞ ദിവസം കാലാവസ്ഥ ഏറ്റവും മോശകരമായി ബാധിച്ചത് ഗാല്‍വേയിലും കോര്‍ക്കിലും ക്ലെയറിലുമാണ്. ഇവിടെയുള്ള പല വീടുകളും ബിസിനസ് സ്ഥാപനങ്ങളും വെള്ളം കയറിയ അവസ്ഥയില്‍ തന്നെയാണ്. ആയിരക്കണക്കിനു വീടുകളിലെ വൈദ്യുതിയും തടസപ്പെട്ടിരുന്നു.
കാറ്റിലും മഴയിലുംപെട്ട് ലൈനുകള്‍ക്കുണ്ടായ തകരാറുകള്‍ പരിഹരിച്ച് വൈദ്യുതി തിരികെ എത്തിച്ചതായി ഇഎസ്ബി അറിയിച്ചിരുന്നു.
ലക്ഷക്കണക്കിനു യൂറോയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക നിഗമനങ്ങള്‍ സൂചിപ്പിക്കുന്നത്.
പൊതുജനങ്ങളില്‍ പലരെയും സാരമായ പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുരക്ഷാ കരുതലുകള്‍ക്കായി ഗാര്‍ഡയും അഗ്‌നിശമന സേനാംഗങ്ങലും സിറ്റികളിലൂടെ റോന്തുചുറ്റുന്നുമുണ്ട്.
ഇനിയുള്ള ദിവസങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെയിരിക്കണമെന്നാണ് മെറ്റ് എറാന്‍ മുന്നറിയിപ്പു നല്‍കുന്നതും.

Scroll To Top