Saturday December 10, 2016
Latest Updates

ക്രിസ്തുമസിന് ഒരു സുഹൃത്തിനെ ആവശ്യമുണ്ട്

ക്രിസ്തുമസിന് ഒരു സുഹൃത്തിനെ ആവശ്യമുണ്ട്

ഇത്തവണത്തെ ക്രിസ്തുമസ് നാട്ടില്‍ അല്ലെങ്കില്‍ ജോലിസ്ഥലത്തു തന്നെ വീട്ടുകാര്‍ക്കൊപ്പം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഭൂരിഭാഗംപേരും. എന്നാല്‍ ആരോരും കൂട്ടിനില്ലാതെ ഒറ്റയ്ക്ക് ക്രിസ്തുമസ് ആഘോഷിക്കുന്നവരുടെ കാര്യം ആരെങ്കിലും ഓര്‍ത്തിരുന്നുവോ?

കഴിഞ്ഞദിവസം ഒരു പ്രമുഖമാധ്യമത്തില്‍ വന്ന പരസ്യം ശ്രദ്ധിച്ച എല്ലാവരുടെയും മനസിലൂടെയും അത്തരക്കാരുടെ അവ്യക്തമായ ഒരുചിത്രമെങ്കിലും കടന്നുപോയിരിക്കും. ജെയിംസ്‌റേഗ എന്ന 85കാരനാണ് പരസ്യത്തിനുപിന്നില്‍. കാലാകാലങ്ങളായി ജെയിംസ് അനുഭവിക്കുന്ന ഏകാന്തതയുടെ വേദന പത്രപരസ്യത്തില്‍ വ്യക്തവുമായിരുന്നു. വര്‍ഷങ്ങളായി തന്റെ ലണ്ടന്‍  ഫ്‌ലാറ്റില്‍ തനിച്ചാണ് ജെയിംസ് ക്രിസ്തുമസ് ആഘോഷിച്ചത്.ഇത്തവണ ഒരു മാറ്റം ആഗ്രഹിച്ചുകൊണ്ടാണ് താന്‍ പത്രപരസ്യം നല്‍കിയതെന്നാണ് ജെയിംസ് പറയുന്നത്. തന്നെപ്പോലെയുള്ള പെന്‍ഷനര്‍മാരെ ക്രിസ്തുമസ് ആഘോഷിക്കാനായി ലണ്ടനിലെ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു പരസ്യം.

പക്ഷേ പരസ്യത്തിന് ആകെ പ്രതികരിച്ചത് ഒരേയൊരാള്‍ അയാള്‍ തന്റെ ക്രിസ്തുമസ് ലഞ്ച് ജെയിംസിന്റെ കൂടെ തന്നെ കഴിക്കാമെന്ന് സമ്മതിച്ച് മെസ്സേജ് അയക്കുകയായിരുന്നു. പക്ഷേ അവിടെയും നിരാശനാകാനായിരുന്നു ജെയിംസിന്റെ വിധി. കാരണം ക്രിസ്തുമസിന് വരാമെന്ന് സമ്മതിച്ച ആള്‍ തന്റെ പരിപാടി മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.

തന്നെ ബന്ധപ്പെടാനുള്ള നമ്പറടക്കമായിരുന്നു ജെയിംസ് പരസ്യം നല്‍കിയത്. പക്ഷേ പ്രതികരണങ്ങള്‍ ഒന്നും തന്നെ വരാതിരുന്നത് ജെയിംസിനെ വല്ലാതെ വിഷമിപ്പിക്കുകയും ചെയ്തു.
എന്നാല്‍ തുടര്‍ന്ന് പത്രം നല്‍കിയ ഹൃദയഹാരിയായ ജെയിംസിന്റെ കഥ വായിച്ച പലരും ജെയിംസിനെ വിളിക്കുകയും അദ്ദേഹത്തിന് മെസ്സേജുകളും ക്രിസ്തുമസ് കാര്‍ഡുകളും അയക്കുകയും ചെയ്തതോടെ ഈ 85കാരന്റെ ദുഖത്തിന് അയവുവന്നിരിക്കുകയാണ്.

ജെയിംസിന്റെ വാര്‍ത്ത വായിച്ച ആയിരക്കണക്കിനു ജനങ്ങളാണ് പ്രതികരണങ്ങള്‍ അറിയിച്ചിരിക്കുന്നത്. ക്രിസ്തുമസ് കാര്‍ഡുകളും ആശംസകളും ഇദ്ദേഹത്തിനായി വന്നുകൊണ്ടിരിക്കുന്നുമുണ്ട്. ജെയിംസിനു വേണ്ടി പത്രം തന്നെ കാര്‍ഡുകളും ആശംസകളും ശേഖരിക്കുകയാണ്.

ഇതു വളരെ വര്‍ഷങ്ങള്‍ക്കുമുന്‍പേ ചെയ്യാമായിരുന്നുവെന്നാണ് ജെയിംസിന് ഇപ്പോള്‍ തോന്നുന്നത്. കാരണം ഇത്രയധികം ജനങ്ങള്‍ തനിക്ക് ആശംസകളും മറ്റും അറിയിച്ചപ്പോള്‍ തനിക്ക് കൂട്ടിനുണ്ടായിരുന്ന ഏകാന്തതയില്‍ നിന്നും മോചനം കിട്ടിയതായാണ് ജെയിംസ് പറയുന്നത്

Scroll To Top