Wednesday December 07, 2016
Latest Updates

ക്രഷുകളില്‍ അയയ്ക്കുന്ന കുട്ടികള്‍ സുരക്ഷിതരല്ലെന്ന് റിപ്പോര്‍ട്ട്

ക്രഷുകളില്‍ അയയ്ക്കുന്ന കുട്ടികള്‍ സുരക്ഷിതരല്ലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: ക്രഷുകളില്‍ അയയ്ക്കുന്ന കുട്ടികള്‍ സുരക്ഷിതരാണോ? അല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ക്രഷുകളില്‍ അയയ്ക്കുന്ന കുട്ടികളെ ക്രഷ് നടത്തിപ്പുകാര്‍ കാര്യമായി ശ്രദ്ധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിരവധി കുട്ടികളാണ് ക്രഷ് വിട്ട് പുറത്തേക്ക് പോകുന്നത്. ഇത്തരത്തിലുള്ള ഒരു സംഭവത്തില്‍ ക്രഷ് നടത്തിപ്പുകാരിക്കെതിരെ ഗാര്‍ഡ എടുത്ത കേസില്‍ വിചാരണ പുരോഗമിക്കുന്നു. ജോന വിറ്റോവ്‌സ്‌കാ എന്ന ക്രഷ് മാനേജര്‍ക്കെതിരെയാണ് കേസ് എടുത്തത്. ഇവരുടെ ക്രഷില്‍ നിന്ന് കുട്ടികള്‍ പുറത്തേക്ക് അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി കണ്ടെത്തുകയായിരുന്നു. 

ഡബ്ലിനിലെ സ്റ്റെപ്എസൈഡിലെ ജിറാഫ് ക്രഷിന്റെ മാനേജരാണ് ജോന. ഇവരുടെ ക്രഷില്‍ നിന്ന് ഒരു ആണ്‍കുട്ടിയും പെണ്‍ കുട്ടിയും പുറത്തിറങ്ങി അലഞ്ഞു തിരിഞ്ഞു നടന്നിട്ടും ആരും ശ്രദ്ധിച്ചില്ല. വെറും മൂന്ന് മിനിറ്റ് മാത്രമാണ് കുട്ടികള്‍ പുറത്ത് അലഞ്ഞ് തിരിഞ്ഞു നടന്നതെന്ന് ജോനാ ന്യായീകരിച്ചു. എന്നാല്‍ ക്രഷില്‍ നിന്ന് കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം 15 മിനിറ്റോളം കുട്ടികള്‍ പുറത്തായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ക്രഷില്‍ നിന്ന് അല്‍പ്പ ദൂരേയ്ക്ക് കുട്ടികള്‍ പോയതിന് ശേഷമാണ് ജോന ഉള്‍പ്പെടെയുള്ള ക്രഷ് നടത്തിപ്പുകാര്‍ ഇക്കാര്യം അറിഞ്ഞത്. 

വഴിയില്‍ അലഞ്ഞു നടക്കുന്ന കുട്ടികളെ കണ്ട പ്രദേശവാസിയായ ഒരു സ്ത്രീ ഗാര്‍ഡയില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് 2001 ലെ ചില്‍ഡ്രന്‍സ് ആക്ടിലെ സെക്ഷന്‍ 246 (1), (2) പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ഡണ്‍ലേരി ജില്ല കോടതിയില്‍ ഇവര്‍ക്കെതിരെ വിചാരണ പുരോഗമിക്കുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ 1,900 യൂറോ പിഴയും ഒരു വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

Scroll To Top