Thursday December 08, 2016
Latest Updates

കോവ് ദുരന്തത്തിലേക്ക് നയിച്ചത് കുടുംബനാഥന്റെ സാമ്പത്തിക പ്രതിസന്ധിയും വിഷാദ രോഗവും

കോവ് ദുരന്തത്തിലേക്ക് നയിച്ചത് കുടുംബനാഥന്റെ സാമ്പത്തിക പ്രതിസന്ധിയും വിഷാദ രോഗവും

കോര്‍ക്ക് : കോവ് ദുരന്തത്തിലേക്ക് നയിച്ചത് കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെന്ന് ഗാര്‍ഡ. മൈക്കല്‍ എന്ന 53 കാരന്‍ ഭാര്യ വലേരിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ദമ്പതികളുടെ മൂത്ത മകള്‍ മൈക്കലെയെ ഗുരുതരമായി കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തു. ദമ്പതികളുടെ ഇളയ മകള്‍ സാറയാണ് ദുരന്തം പുറംലോകത്തെ അറിയിച്ചത്.

നേരത്തെ മാനസിക രോഗത്തിനും ചികിത്സ തേടിയിട്ടുള്ള മൈക്കല്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായതിനെ തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നു.

സംഭവ ദിവസം കുടുംബാംഗങ്ങളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട മൈക്കല്‍ ആദ്യം മകളെയാണ് കുത്തിപരിക്കേല്‍പ്പിച്ചത് എന്നാണ് കരുതപ്പെടുന്നത്.തടയാന്‍ ചെന്ന ഭാര്യയേയും കുത്തി. ഇതേതുടര്‍ന്ന് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണു നിഗമനം. കടുത്ത മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന മൈക്കല്‍ ഈ വര്‍ഷം ആദ്യമാണ് ഡണ്‍ഡ്രം ആശുപത്രിയിയില്‍ നിന്ന് വിടുതല്‍ നേടിയത്. കടുത്ത വിഷാദ രോഗവും മാനസിക സമ്മര്‍ദ്ദവും അലട്ടിയിരുന്ന മൈക്കല്‍ 2013 ല്‍ ഒരു സ്ത്രീയെ കുത്തി പരുക്കേല്‍പ്പിക്കുകയും പിന്നീട് സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു.ഇതേതുടര്‍ന്നാണ് ഇയാളെ മാനസിക രോഗ ചികിത്സയ്ക്ക് വിധേയനാക്കിയത്.

ബിസിനസിലെ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും കുടുംബ വീട് നഷ്ടപ്പെട്ടതും ഇയാളെ കൂടുതല്‍ മാനസിക സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടുത്തി. ദമ്പതികളുടെ മരണത്തില്‍ കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ക്ക് പങ്കില്ലെന്ന് ഗാര്‍ഡ സ്ഥിരീകരിച്ചു. ദമ്പതികളുടെ ദാരുണാന്ത്യത്തില്‍ കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ക്ക് പങ്കുണ്ടായിരിക്കാനുള്ള സാധ്യത അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഗാര്‍ഡ തള്ളിക്കളഞ്ഞിരുന്നു. 

സംഭവം ദിവസം മൈക്കലിന്റെ ഭാഗത്ത് നിന്ന് വാക്കേറ്റം രൂക്ഷമായതോടെ വലേരി ഇളയ മകള്‍ സാറയെ അടുത്ത വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. അതുകൊണ്ട് ഇളയ മകള്‍ ദുരന്തത്തില്‍ നിന്ന് ഒഴിവായി. ഗുരുതരമായി പരുക്കേറ്റ മൂത്ത മകള്‍ മൈക്കലെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.

Scroll To Top