Friday December 09, 2016
Latest Updates

കോവ് ദുരന്തം: ദമ്പതികളുടെ മൃതദേഹം അടുത്തടുത്ത് സംസ്‌കരിക്കും

കോവ് ദുരന്തം: ദമ്പതികളുടെ മൃതദേഹം അടുത്തടുത്ത് സംസ്‌കരിക്കും

കോര്‍ക്ക് : കോവില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത മൈക്കല്‍ ഗ്രീനറിയെയും ഭാര്യ വലേരിയെയും അടുത്തടുത്ത് സംസ്‌കരിക്കും. രണ്ടു പേരുടെയും ഫ്യൂണറല്‍ മാസ് രണ്ടു ദിവസങ്ങളായി നടത്തിയ ശേഷം ദമ്പതികളുടെ വീടിന് സമീപത്ത് തന്നെയുള്ള സെന്റ് കോള്‍മാന്‍സ് സെമിത്തേരിയിലാണ് സംസ്‌കാരം. 

കോവ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന വലേരിയുടെ മൃതദേഹം. ഇന്ന് വൈകുന്നേരം 5 മണി മുതല്‍ എട്ട് മണി വരെ പൊതുദര്‍ശനത്തിന് ശേഷം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സെന്റ് കോള്‍മാന്‍സ് സെമിത്തേരിയില്‍ സംസ്‌കരിക്കും. സെന്റ് കോള്‍മാന്‍സ് കത്തീഡ്രലിലെ ശുശ്രൂഷകള്‍ക്ക് ശേഷമാണ് സംസ്‌കാരം. 

വലേരിയുടെ കുഴിമാടത്തിന് തൊട്ടരികെ തന്നെ മൈക്കലിനും അന്ത്യവിശ്രമം ഒരുക്കും. ശനിയാഴ്ചയാണ് മൈക്കലിന്റെ സംസ്‌കാരം. മൈക്കലിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം 5.30 മുതല്‍ 8 മണി വരെ ചാര്‍ലെവില്ലെയിലെ ഹാവെസ് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കോവ് ആശുപത്രി മോര്‍ച്ചറിയിലേക്ക് തന്നെ മാറ്റും. തുടര്‍ന്ന് ശനിയാഴ്ചയാണ് മൈക്കലിന്റെ സംസ്‌കാരം. 

ഞായറാഴ്ചയാണ് ദമ്പതികള്‍ ദാരുണമായി കൊല്ലപ്പെട്ടത്. പിതാവിന്റെ കുത്തേറ്റ് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകള്‍ മൈക്കെലെ ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. സംസ്‌കാരം തീര്‍ത്തും സ്വകാര്യ ചടങ്ങായിരിക്കുമെന്നും മാധ്യമങ്ങള്‍ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും മൈക്കലിന്റെയും വലേരിയുടെയും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. 

Scroll To Top