Tuesday December 06, 2016
Latest Updates

കോര്‍ക്കിലെ റെയ്ച്ചലിന് ദൈവത്തിന്റെ ക്രിസ്മസ് സമ്മാനം

കോര്‍ക്കിലെ റെയ്ച്ചലിന് ദൈവത്തിന്റെ ക്രിസ്മസ് സമ്മാനം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഞ്ഞ് മൂടിയ ഒരു ഡിസംബര്‍ 25 നാണ് മേരി കാലിത്തൊഴുത്തില്‍ ഉണ്ണിയേശുവിനു ജന്മം നല്‍കിയത്. അങ്ങനെയൊരു തണുപ്പുള്ള വെളുപ്പുകാലത്ത് വീണ്ടുമൊരു ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷങ്ങളിലേക്കെത്തുന്നതിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ റെയ്ച്ചല്‍ വഴിയോരത്ത് കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നു.കൗണ്ടി കോര്‍ക്കിലെ റോസ്‌കാബെറി സ്വദേശികളായ റെയ്ച്ചല്‍ ഹര്‍റ്റേനും മാത്യൂ ച്യൂങ്ങിനും ദൈവം സമ്മാനിച്ച ക്രിസ്മസ് സമ്മാനം. സുന്ദരിയായ ഒരു പെണ്‍കുഞ്ഞ്. 

ക്രിസ്മസ് ദിവസം രാവിലെയാണ് റെയ്ച്ചല്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കാറില്‍ വച്ച് കുഞ്ഞിനെ പ്രസവിക്കുന്നത്. ഇരുപത്തിയഞ്ചുകാരിയായ റെയ്ച്ചലും 27 കാരനായ മാത്യൂവും അവരുടെ ആദ്യ കണ്‍മണിക്ക് സിയന്ന എന്ന പേരും നല്‍കി. കുഞ്ഞിന് ജന്മം നല്‍കി നിമിഷങ്ങള്‍ക്കകം ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

റോസ്‌കര്‍ബറിയിലെ വീട്ടില്‍ നിന്നു കോര്‍ക്ക് യൂനിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് 70കിലോമീറ്റര്‍ ദൂരമുണ്ട്. വെളുപ്പിന് റെയ്ച്ചലിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അച്ഛന്‍ പോളിനൊപ്പം ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നുമാത്യൂ. എന്നാല്‍ വേദന കൂടിയതോടെ യാത്രക്കിടയില്‍ കാറില്‍ തന്നെ പ്രസവിക്കാനുള്ള സൗകര്യങ്ങളൊരുക്കി. വെസ്റ്റ് കോര്‍ക്കിലൂടെയുള്ള യാത്രക്കിടെയാണ് റെയ്ച്ചല്‍ കാറില്‍ വച്ച് പ്രസവിച്ചത്.. 

കഴിഞ്ഞ 21നായിരുന്നു റെയ്ച്ചലിനുള്ള ഡ്യൂ ഡേറ്റ്. എന്നാല്‍ ആശുപത്രിയില്‍ പോയെങ്കിലും പ്രസവത്തിനുള്ള ലക്ഷണങ്ങളൊന്നും കാണാത്തതിനെ തുടര്‍ന്ന് തിരികെ വീട്ടിലേക്ക് മടങ്ങി. വീട്ടിലേക്കെത്തിയ റെയ്ച്ചലിന് ക്രിസ്മസ് ദിവസം രാവിലെ ഏഴരയോടു കൂടി വേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലേക്ക് വരുന്നുണ്ടെന്നും മാത്യൂ ഫോണ്‍ വിളിച്ചു പറഞ്ഞു. എന്നാല്‍ ആശുപത്രിയിലേക്കെത്തും മുന്‍പേ റെയ്ച്ചല്‍ കുഞ്ഞിന് ജന്മം നല്‍കി കഴിഞ്ഞിരുന്നു. മൂന്നു കിലോയോളം ഭാരമുള്ള കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. സിയന്നയാണ് ഈ വര്‍ഷത്തെ ക്രിസ്മസ് സമ്മാനമെന്നു പറയുന്നു റെയ്ച്ചല്‍.

Scroll To Top