Tuesday December 06, 2016
Latest Updates

കോര്‍ക്കിലും ഗാല്‍വേയിലും വെള്ളപ്പൊക്കം :തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഭീതിയില്‍ ,ഞായറാഴ്ച്ച വരെ മോശം കാലാവസ്ഥ തുടരും

കോര്‍ക്കിലും ഗാല്‍വേയിലും വെള്ളപ്പൊക്കം :തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഭീതിയില്‍ ,ഞായറാഴ്ച്ച വരെ മോശം കാലാവസ്ഥ തുടരും

കോര്‍ക്ക്: കോര്‍ക്കിലും ഗാല്‍വേയിലും വെള്ളപ്പൊക്കം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി .ഗാല്‍വേയില്‍ ഇന്ന് രാവിലെയാണ് അതിശക്തമായ കാറ്റും വെള്ളപ്പൊക്കവും ഉണ്ടായത് .ഇന്നലെ വൈകിട്ട് മുതല്‍ കോര്‍ക്കിന്റെ തീരപ്രദേശങ്ങളില്‍ വെള്ളം കയറി.ഇവയില്‍ മിക്കതും ഇപ്പോഴും വെള്ളത്തിനടിയില്‍ തന്നെ. ലീ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് കോര്‍ക്ക് സിറ്റിയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായത്.
ഗാല്‍വെയിലെ ഓഫിസുകളിലും ,ആശുപത്രികളിലും ജോലിയ്ക്ക് എത്തിയവര്‍ വളരെ ക്ലേശം സഹിച്ചാണ് എത്തിയത്.കാലാവസ്ഥയുടെ കാഠിന്യം മൂലം ഒട്ടേറെ പേര്‍ അവധിയെടുത്തു .ഗാല്‍വെ ഡോക്‌സിലും ,സ്പാനിഷ് ആര്‍ച്ചിസിലും സാള്‍ട്ട് ഹില്ലിലും ഗതാഗതം തടസപ്പെടും വിധം റോഡുകളില്‍ വെള്ളം കയറിf3 corkf2 cork

കോര്‍ക്കില്‍ പ്രൊബേസ് ക്വേയിലടുത്ത് താമസിക്കുന്ന നാലോളം വീട്ടുകാരെ ഇതിനോടകം തന്നെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് 5.50തോടെയാണ് ലീ നദി കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയത്. തുടര്‍ന്ന് കോര്‍ക്കിലെ പല സ്ഥലങ്ങളിലും വെള്ളം കയറിത്തുടങ്ങുകയായിരുന്നു. തുടര്‍ന്ന് കോര്‍ക്ക് സിറ്റി ഗതാഗത യോഗ്യമല്ലാതായിത്തീരുകയും ചെയ്തു.
മണല്‍ സഞ്ചികളുമായി തങ്ങളുടെ വീടും പ്രദേശവും സാധനങ്ങളും സുരക്ഷിതമാക്കാനുള്ള ശ്രമത്തിലായിരുന്നു പലരും. കോര്‍ക്ക് സിറ്റി വെള്ളത്തിലടിയിലായി അല്‍പ്പം കഴിഞ്ഞപ്പോഴേക്കും റെബല്‍ കൗണ്ടിയിലേക്കും വെള്ളം കയറിയിരുന്നു. പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ വെള്ളത്തിന്റെ ശക്തിയില്‍ റോഡരികുകളിലേക്ക് മാറിപ്പോവുകയും ചെയ്തിരുന്നു.
സൗത്ത്മാളിലും യൂനിയന്‍ ക്വേയിലും ഫാദര്‍ മാത്യു സ്ട്രീറ്റിലും മോറിസണ്‍സ് ഐലന്‍ഡിലും ഷര്‍മന്‍ കോര്‍ഫോര്‍ഡ് സ്ട്രീറ്റിലും കഴിഞ്ഞ ദിവസം രാത്രിയില്‍ വെള്ളം കയറി.
2012 ഒക്ടോബറിലും കോര്‍ക്കില്‍ വെള്ളം കയറിയിരുന്നു. അന്ന് ശക്തമായ മഴയായിരുന്നു വെള്ളപ്പൊക്കത്തിന് കാരണമായത്.
സിറ്റിയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കോര്‍ക്ക് സിറ്റി കൗണ്‍സില്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ടായിരുന്നു. വീടും സാധനങ്ങളും സുരക്ഷിതമാക്കുന്നതിനായുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതു സംബന്ധിച്ചും അറിയിപ്പുകള്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു.
സ്ഥിതിഗതികള്‍ വളരെ മോശം തലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതായി മെറ്റ് എയ്‌റീനും മുന്നറിയിപ്പു നല്‍കുന്നുണ്ടായിരുന്നു. ഡബ്ലിനിലും ഗാല്‍വേയിലും ഈ വാരാന്ത്യത്തില്‍ വെള്ളം കയറാന്‍ സാധ്യത ഉണ്ടെന്നും മെറ്റ് എയ്‌റീന്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യത ഉള്ളതിനാല്‍ ഡൊണഗല്‍, ക്ലെയര്‍, കെറി, ലിമറിക് തുടങ്ങിയ പ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ് മെറ്റ് എയ്‌റീന്‍.
അറ്റ്‌ലാന്റിക്കിന്റെ മദ്ധ്യത്തില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം അയര്‍ലണ്ടിന്റെ വടക്കന്‍ പ്രദേശങ്ങളിലേക്കും വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളിലും രാത്രിയോടെ ശക്തമായ കാറ്റ് രൂപപ്പെടുന്നതിന് കാരണമാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിക്കുന്നത്. മണിക്കൂറില്‍ 110 മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുന്നതിനുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ എടുത്തു പറഞ്ഞിരിക്കുന്നത്.
ശക്തമായ മഴ തീരപ്രദേശങ്ങളുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. പല സ്ഥലങ്ങളിലും വെള്ളം കയറാനുള്ള സാധ്യതയും അറിയിപ്പില്‍ പറയുന്നുണ്ട്.
കെറി തീരങ്ങളില്‍ 9 മീറ്റര്‍ ഉയരത്തില്‍ വരെ തിര ഉയരും. കാറ്റിനു സാധ്യത പറയുന്നുണ്ടെങ്കിലസും യെല്ലോ കേറ്റഗറിയില്‍പ്പെട്ടതായതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയില്ലെന്നും അറിയിപ്പില്‍ പറഞ്ഞിരിക്കുന്നു.
വെള്ളം നിറഞ്ഞതിനാല്‍ അടച്ചിട്ടിരിക്കുന്ന കാര്‍ പാര്‍ക്കുകള്‍ വെള്ളം താഴ്ന്നതിനു ശേഷം മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ജനങ്ങള്‍ക്ക് വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ക്ലൊണ്ടാര്‍ഫ്, സാന്‍ഡിമൗണ്ട് പ്രദേശങ്ങളിലാണ് കൂടുതല്‍ വെള്ളം നിറയാന്‍ സാധ്യത എന്നും കൗണ്‍സില്‍ അറിയിച്ചിരുന്നു.
അതുപോലെ തന്നെ ഗാല്‍വേ സിറ്റി കൗണ്‍സിലും ജനങ്ങള്‍ സുരക്ഷാ കരുതലുകള്‍ സ്വീകരിക്കാനുള്ള മുന്നറിയിപ്പും നല്‍കിയിരുന്നു. സാല്‍ട്ഹില്ലിലും ഗ്രാഫ്റ്റണ്‍ റോഡിലും ഫിഷ്മാര്‍ക്കറ്റിലും സ്പാനിഷ് ആര്‍ച്ചിലുമാണ് കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം 5മണിയോടെ പുറപ്പെടുവിച്ച ഓറഞ്ച് അലേര്‍ട്ട് തന്നെയാണ് ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ ജനങ്ങളോട് കഴിവതും ജലമാര്‍ഗങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കുന്നുണ്ട്.
താര പ്രദേശങ്ങളില്‍ ആരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി കോസറ്റ് ഗാര്‍ഡും ഇവിടങ്ങളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ചെറിയ പരിക്കുകളോടെ ഒരാള്‍ ആശുപത്രിയിലാക്കപ്പെട്ടതല്ലാതെ മറ്റ് അപകടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. അപകടത്തില്‍പെട്ട 24കാരനായ യുവാവിനെ ലിമറിക് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തെത്തിയ കോസ്റ്റ് ഗാര്‍ഡാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.

Scroll To Top