Sunday December 11, 2016
Latest Updates

കോണ്‍ഗ്രസ് ‘സുധീര’മാവുന്നു ,ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസ് ‘സുധീര’മാവുന്നു ,ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഘടകകക്ഷികളുടെ അധിക സീറ്റിനുള്ള അവകാശവാദം അംഗീകരിക്കില്ലെന്ന് കെ പി സി സി യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന കേരളാ കോണ്‍ഗ്രസിനെയും ,മുസ്ലീം ലീഗിനെയും ലക്ഷ്യം വെച്ചുള്ള മുന്നറിയിപ്പായി കണക്കാക്കപ്പെടുന്നു..മുഖ്യമന്ത്രിയുടെ കെ പി സി സി യോഗത്തിലെ പ്രതാവനയെ കുറിച്ചു പ്രതീകരിച്ച ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടിയാവട്ടെ ലീഗ് സീറ്റിന്റെ കാര്യത്തില്‍ ആരുമായും തര്‍ക്കത്തിനിറങ്ങില്ല എന്നാണ് പ്രതീകരിച്ചത്

ഇന്ന് ചേര്‍ന്ന കെ പി സി സി യോഗത്തിലാണ് ഘടകക്ഷികളെ ഞെട്ടിച്ചുകൊണ്ട് ഉമ്മന്‍ ചാണ്ടി യുടെ പ്രസ്താവനയുണ്ടായത്. കഴിഞ്ഞതവണ പാര്‍ട്ടി മത്സരിച്ച എല്ലാ സീറ്റുകളിലും ഇക്കുറിയും മത്സരിക്കാന്‍ കഴിയുമെന്ന വിശ്വാസം മുഖ്യമന്ത്രി പ്രകടിപ്പിച്ചു. എന്നാല്‍, സോഷ്യലിസ്റ്റ് ജനതയുടെ കാര്യത്തില്‍ ആലോചന വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ച മുഴുവന്‍ സീറ്റിലും ഇത്തവണയും മത്സരിക്കാന്‍ കഴിയണമെന്ന് വിവിധ ഡി സി സി പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി ഇടതു മുന്നണിയില്‍ നിന്ന് വന്നപ്പോള്‍ ഒരു സീറ്റ് അവര്‍ക്കു വാഗ്ദാനം ചെയ്തിരുന്നു. സീറ്റിനു വേണ്ടി മുന്നണി മാറിയെന്ന ആരോപണം വരുമെന്നു കരുതി അവര്‍ അതു നിരസിച്ചു. അന്നത്തെ വാഗ്ദാനം ഇപ്പോഴും നിലവിലുണ്ട്. അതു പരിഗണിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വി എം സുധീരന്റെ പുതിയ നയപരിപാടികള്‍ കോണ്‍ഗ്രസില്‍ സജീവമാറ്റം വരുത്തുന്നു എന്ന സൂചനയാണ് ഇന്നത്തെ കെ പി സി സി മീറ്റിംഗ് നല്‍കുന്നത്.എല്ലാ പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ഒരു നയ സമീപന രേഖ പാര്‍ട്ടിയ്ക്കുണ്ടാവും .മന്ത്രിമാര്‍ അടക്കം എല്ലാവരും പാര്‍ട്ടി നയം അനുസരിച്ചേ തീരു എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജില്ലാതലത്തില്‍ മികച്ച 50 പ്രാസംഗികരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായിരിക്കും ഇതില്‍ പ്രാമുഖ്യം നല്‍കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മണ്ഡലം അടിസ്ഥാനത്തില്‍ ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതലകള്‍ വീതിച്ചുനല്‍കി. പാര്‍ട്ടി കമ്മിറ്റികള്‍ വരവുചെലവ് കണക്കുകള്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ച് പാസാക്കണം. അതിന്റെ പകര്‍പ്പ് മേല്‍കമ്മിറ്റികള്‍ക്ക് നല്‍കണം തുടങ്ങി വി എം സുധീരന്റെ നേതൃത്വത്തിലുള്ള പുതിയ കെ പി സി സി യുടെ പ്രവര്‍ത്തനമാര്‍ഗരേഖ യോഗം ചര്‍ച്ച ചെയ്തു

Scroll To Top