Monday December 05, 2016
Latest Updates

നിയമസഭാ സ്പീക്കര്‍ കാര്‍ത്തികേയന്റെ ആരോഗ്യനില മോശമായി തുടരുന്നു

നിയമസഭാ സ്പീക്കര്‍ കാര്‍ത്തികേയന്റെ ആരോഗ്യനില മോശമായി തുടരുന്നു

കര്‍ണാടക എച്ച്.സി.ജി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും നിയമസഭാ സ്പീക്കറുമായ ജി. കാര്‍ത്തികേയന്റെ ആരോഗ്യനില മോശമായി തുടരുന്നു. തിങ്കളാഴ്ച അദ്ദേഹത്തിന് കരള്‍ ഡയാലിസിസ് നടത്തി. ‘മോളിക്കുലാര്‍ അബ്‌സോര്‍ബന്റ് റീ സര്‍ക്കുലേഷന്‍ സിസ്റ്റം’ എന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചികിത്സ നടത്തിയത്. ചികിത്സയ്ക്കുള്ള ഉപകരണങ്ങള്‍ ഹൈദരാബാദില്‍നിന്നാണ് കൊണ്ടുവന്നത്. വൈകിട്ട് നാലുമണിക്കുതുടങ്ങിയ കരള്‍ ഡയാലിസിസ് എട്ടുമണിക്കൂറോളം നീണ്ടുനിന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിയമസഭാ സ്പീക്കര്‍

ചികിത്സയുടെ ആദ്യഘട്ടമെന്ന നിലയില്‍ ഡയാലിസിസ് വിജയകരമായാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. തന്നെയുമല്ല ഡയാലിസിസ് വിജയകരമായെങ്കില്‍ മാത്രമെ സൈബര്‍ നൈഫ് റോബോട്ടിക് റേഡിയോസര്‍ജറി വീണ്ടും നടത്താനാകുകയുള്ളു. ഈ ആധുനിക റേഡിയേഷന്‍ ചികിത്സ കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയിരുന്നു. അഞ്ചുദിവസം അത് നടത്താമെന്ന് ഡോക്ടര്‍മാര്‍ കരുതിയിയെങ്കിലും വെള്ളിയാഴ്ചത്തെ ആ ചികിത്സയോട് ശരീരം അനുകൂലമായി പ്രതികരിക്കാത്തതിനാല്‍ പിന്നീട് നടത്തിയിരുന്നില്ല.

ഓങ്കോളജിവിഭാഗം ഐ.സി.യു.വില്‍ വെന്റിലേറ്ററില്‍ കഴിയുന്ന കാര്‍ത്തികേയനെ തിങ്കളാഴ്ച കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും, കര്‍ണാടക ആഭ്യന്തരമന്ത്രിയും മലയാളിയുമായ കെ.ജെ. ജോര്‍ജ് സന്ദര്‍ശിച്ചിരുന്നു. ചികിത്സകൊണ്ടു കാര്‍ത്തികേയന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

 

Scroll To Top