Thursday December 08, 2016
Latest Updates

കോണ്‍ഗ്രസില്‍ അഭ്യന്തര തര്‍ക്കം കലാപത്തിലേക്ക് ,സുധീരനെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചു 

കോണ്‍ഗ്രസില്‍ അഭ്യന്തര തര്‍ക്കം കലാപത്തിലേക്ക് ,സുധീരനെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചു 

ന്യൂഡല്‍ഹി : മന്ത്രിസഭാ പുനഃസംഘടനാ തര്‍ക്കം കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തില്‍ വീണ്ടും കലാപത്തിനു വിത്തുവിതയ്ക്കുന്നു. പുനഃ സംഘടന വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വേണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നിലപാടെടുത്തതോടെ കെപിസിസി അദ്ധ്യക്ഷനെ ഡല്‍ഹിക്ക് വിളിപ്പിച്ചു.

പുനഃസംഘടന സംബന്ധിച്ച് സുധീരന്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലവും തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങളും സുധീരന്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും.

ഞായറാഴ്ച ഡല്‍ഹിക്ക് പോകാന്‍ സുധീരന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍, നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ലമന്ററി പാര്‍ട്ടി യോഗം ചേരുകയാണെങ്കില്‍ യാത്ര മാറ്റിവയ്ക്കുമെന്നും സൂചനയുണ്ട്.

ഇതേസമയം, കേരളത്തില്‍ മന്ത്രിസഭാ പുനഃസംഘടന വേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു. പുനഃസംഘടന സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ചോദിച്ചാല്‍ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം പറയും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനം സംസ്ഥാന സര്‍ക്കാരിന് അംഗീകാരം നല്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എ കെ ആന്റണി എന്നിവരുമായി ചെന്നിത്തല ചര്‍ച്ച നടത്തി. നേരത്തേ മന്ത്രിസഭാ പുനസംഘടന വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ കണ്ടിരുന്നു. കേരളത്തില്‍ ചര്‍ച്ച നടത്താനാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടത്.
ചെന്നിത്തല ആഭ്യന്തര വകുപ്പേറ്റേടുത്തതോടെ വകുപ്പുകളില്‍ ഐ ഗ്രൂപ്പിന് മുന്‍തൂക്കം കിട്ടിയിട്ടുണ്ട്. ഇതില്‍ ‘എ’ വിഭാഗത്തിന് അസ്വസ്ഥതയുണ്ട്. ഗണശ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രിക്ക് താത്പര്യമുണ്ട്. ഇതിന് നിലവില്‍ ഒരു മന്ത്രി രാജിവച്ചാലേ മതിയാകൂ. സ്വാഭാവികമായും ഐ ഗ്രൂപ്പിന്റെ മന്ത്രിയാകും രാജിവയ്‌ക്കേണ്ടി വരിക.

ഈ സാഹചര്യം മുന്നില്‍ക്കണ്ടാണ് പുനഃസംഘടന ആവശ്യമില്ലെന്ന് ഐ ഗ്രൂപ്പ് പറയുന്നത്

Scroll To Top