Saturday December 10, 2016
Latest Updates

കോണ്‍ഗ്രസിന് 140 സീറ്റെന്ന് എക്കണോമിക് ടൈംസ്; വാജ്‌പേയിയുടെ നേതൃത്വത്തില്‍ ലഭിച്ച വിജയം ബിജെപി ആവര്‍ത്തിക്കില്ല

കോണ്‍ഗ്രസിന് 140 സീറ്റെന്ന് എക്കണോമിക് ടൈംസ്; വാജ്‌പേയിയുടെ നേതൃത്വത്തില്‍ ലഭിച്ച വിജയം ബിജെപി ആവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി; ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 140 സീറ്റുകളില്‍ വിജയിക്കുമെന്ന് എക്കണോമിക് ടൈംസ്. പാര്‍ട്ടിയുടെ ആഭ്യന്തര അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച കണക്കുകള്‍ അടിസ്ഥാനത്തിലാണ് എക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്ട്ടുകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഭ്യന്തര വിലയിരുത്തല്‍ 140 സീറ്റ് ആണെന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇനിയും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്കി.

ഭരണ വിരുദ്ധ വികാരം നിലവിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തി. എന്നാല്‍ മോഡിയോടുള്ള ന്യൂനപക്ഷങ്ങളുടെ ഭയം ഭരണവിരുദ്ധ വികാരം മറികടന്നു കുറച്ച് സീറ്റുകള്‍ നേടാന്‍ സഹായകമാകുമെന്ന് ഒരു വിഭാഗം എഐസിസി നേതാക്കള്‍ കണക്കു കൂട്ടുന്നു. വിവിധ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് 43 സീറ്റാണ് പ്രതീക്ഷിക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്ന് 50 സീറ്റുകളും നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 25 സീറ്റും മറ്റ് മേഖലകളില്‍ നിന്ന് 20 സീറ്റുമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

മുലായം സിംഗ്, ലാലു പ്രസാദ് യാദവ് എന്നീ നേതാക്കളുടെ ശക്തി കേന്ദ്രങ്ങളില്‍ അവരുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തന്നെ വിജയിച്ചുവരുമെന്നന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഈ മേഖലകളില്‍ ബിജെപിക്ക് കാര്യമായ നേട്ടം കൊയ്യാനാകില്ലെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ബിജെപിക്ക് യുപിയില്‍ 35 സീറ്റും 18 സീറ്റുകളുമെ നേടാനാകൂ എന്നും വിലയിരുത്തലുണ്ട്. യാദവ് വോട്ടുകള്‍ വലിയ തോതില്‍ നേടാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ബിജെപിക്ക് ഈ സംസ്ഥാനങ്ങളില്‍ നേട്ടം കൊയ്യാനാകൂ.

എന്നാല്‍ മുലായം സിംഗ് യാദവ്, നിതീഷ് കുമാര് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യം ബിജെപിക്ക് യാദവ് വോട്ടുകള്‍ നഷ്ടപ്പെടുത്തുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. എക്കണോമിക് ടൈംസ് പുറത്ത് വിട്ട  റിപ്പോര്‍ട്ട് പ്രകാരം ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെങ്കിലും വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപിക്ക് ലഭിച്ച അത്രയും സീറ്റുകള്‍ ലഭിക്കാനിടയില്ലെന്ന് എക്കണോമിക്‌സ് ടൈംസ് വിലയിരുത്തുന്നു.

Scroll To Top