Thursday December 08, 2016
Latest Updates

കോട്ടയത്ത് മാത്യു ടി തോമസ്,ബി ജെ പി വോട്ടുകള്‍ ജോസ് കെ മാണിയ്ക്ക്?

കോട്ടയത്ത് മാത്യു ടി തോമസ്,ബി ജെ പി വോട്ടുകള്‍ ജോസ് കെ മാണിയ്ക്ക്?

കോട്ടയം: നായര്‍ സ്ഥാനര്‍ഥിയാവും കോട്ടയത്ത് ഉചിതമാവുകയെന്ന സി പി എമ്മിന്റെ നിലപാട് തള്ളിക്കളഞ്ഞ് ജനതാദള്‍ എസ്. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് കോട്ടയത്ത് സ്ഥാനാര്‍ഥിയായി . പാര്‍ട്ടി ദേശീയനേതൃത്വത്തിന്റെയും സി.പി.എം. സംസ്ഥാനനേതൃത്വത്തിന്റെയും കടുത്ത സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ്, മത്സരിക്കേണ്ടെന്ന തീരുമാനം മാറ്റി മാത്യു ടി. തോമസ് രംഗത്തെത്തുന്നത്. സ്ഥാനാര്‍ഥിപ്രഖ്യാപനം ഇന്ന് രാവിലെ ബാംഗ്ലൂരില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ദേവ ഗൌഡയാണ് നടത്തിയത്.

പാര്‍ട്ടിയ്ക്ക് യാതൊരു സ്വാധീനവുമില്ലാത്ത കോട്ടയം മണ്‍ഡലം സി.പി.എം.സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിച്ച് പിടിച്ചുവാങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അനുയോജ്യനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ജനതാദള്‍ എസ്സിന് കഴിയാത്തത് ഇടതുമുന്നണിയില്‍,അസ്വസ്ഥത സൃഷ്ടിച്ചിരുന്നു.

കെ.എം.മാണിയുടെ മകന്‍ ജോസ് കെ. മാണി മത്സരിക്കുന്ന കോട്ടയം സീറ്റില്‍ അനിശ്ചിതത്വം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും ശനിയാഴ്ച ഉച്ചയ്ക്കുമുമ്പെങ്കിലും സ്ഥാനാര്‍ഥിപ്രഖ്യാപനം ഉണ്ടാകണമെന്നും സി.പി.എം. ജനതാദളിനെ അറിയിക്കുകയുംചെയ്തു. സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതടക്കമുള്ള കാര്യങ്ങളും സി.പി.എം.നേതൃത്വം ഇതിനിടെ ഗൗരവമായി പരിഗണിച്ചതായാണ് സൂചന.

ഏറെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് മാത്യു ടി. തോമസില്‍ത്തന്നെ സ്ഥാനാര്‍ഥിത്വം എത്തുന്നത്.ഇടതുമുന്നണി ആരെ നിര്‍ത്തിയാലും ജയസാധ്യത തീരെ കുറവാണെന്നിരിക്കെ മാത്യു ടി തോമസ് മത്സരത്തിന് ഇറങ്ങേണ്ടതില്ല എന്നൊരു വാദവും ഉയര്‍ന്നിട്ടുണ്ട്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള കേരള കോണ്‍ഗ്രസ് നിലപാടിന് തീവ്രത പോരാ എന്നാരോപിച്ച് കേരളാ കോണ്‍ഗ്രസ് വിട്ടുവന്ന നോബിള്‍ മാത്യുവാണ് ബി ജെ പി യുടെ സ്ഥാനാര്‍ഥി.പാര്‍ട്ടി നോമിനിയായി ഹൈക്കോടതിയില്‍ സീനിയര്‍ ഗവ. പ്ലീഡര്‍ പദവിയില്‍ തുടര്‍ന്നിരുന്ന അദ്ദേഹം അതും ചൊവ്വാഴ്ച രാജിവെച്ചിരുന്നു.എന്നാല്‍ നോബിളിനെ സ്ഥാനാര്‍ഥിയാക്കിയത് ജോസ് കെ മാണിയെ സഹായിക്കാനായി ,കെ എം മാണിയും,ബി ജെ പിയും തമ്മിലുണ്ടാക്കിയ ധാരണയുടെ ഭാഗമാണെന്നും പ്രചാരണമുണ്ട്.യോഗ്യരായ നിരവധി പേര്‍ ബി ജെ പിയ്ക്ക് ജില്ലയില്‍ ഉണ്ടെന്നിരിക്കെ ഇന്നലെ മാണി ഗ്രൂപ്പ് വിട്ടുവന്നയാളെ സ്ഥാനാര്‍ഥിയാക്കിയതിന്റെ പൊരുളറിയാതെ കുഴയുകയാണ് ബി ജെ പിയിലെ സാധാരണ പ്രവര്‍ത്തകര്‍.

ഫലത്തില്‍ താമര ചിഹ്നത്തില്‍ സ്ഥാനാര്‍ഥി ഉണ്ടായില്ലെങ്കില്‍ ബിജെപി വോട്ടുകള്‍ രണ്ടിലയ്ക്ക് ചെല്ലുമെന്ന് ഉറപ്പാക്കികൊടുത്തിരിക്കുകയാണ് ബി ജെ പി.അതിന് തടയിടാനാണ് നായര്‍ സ്ഥാനാര്‍ഥിയെ കോട്ടയത്ത് വേണമെന്ന നിര്‍ദേശം സി പി എം ജനതാദളിന് നല്‍കിയതത്രെ.മാത്യു ടി തോമസ് ഏതെങ്കിലും കാരണവശാല്‍ കോട്ടയത്ത് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചാല്‍ കോട്ടയത്ത് നായര്‍ സ്ഥാനര്‍ഥിയാവും മത്സരിക്കുക എന്നാണ് ജനതാദള്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Scroll To Top