Wednesday December 07, 2016
Latest Updates

കോട്ടയത്ത് ജോസ് കെ മാണിയുടെ നാമ നിര്‍ദേശപത്രിക തള്ളിയേക്കുമെന്ന് സൂചന

കോട്ടയത്ത് ജോസ് കെ മാണിയുടെ നാമ നിര്‍ദേശപത്രിക തള്ളിയേക്കുമെന്ന് സൂചന

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ജോസ് കെ മാണിയുടെ നാമനിര്‍ദേശക പത്രിക തള്ളാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍.

നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച ഫോം എയില്‍ ജോസ് കെ.മാണിയുടെ പേര് നിര്‍ദേശിക്കാന്‍ ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമിനെ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ചുമതലപ്പെടുത്തിയതിലെ അപാകതകള്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ ചൂണ്ടിക്കാണിച്ചതനുസരിച്ച് പത്രിക സ്വീകരിക്കുന്നത് വരണാധികാരി നീട്ടിവെ ച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അനുസരിച്ച് സി.എഫ്. തോമസാണ് പാര്‍ട്ടി ചെയര്‍മാന്‍ . 2005ലാണ് സി.എഫ്. തോമസിനെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തത്. എന്നാല്‍ , 2008ല്‍ കെ.എം. മാണിയെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തെങ്കിലും ഇതിന്റെ രേഖകള്‍ ഇലക്ഷന്‍ കമ്മീഷന്റെ പക്കലില്ല. അതുകൊണ്ട് സ്ഥാനാര്‍ഥിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ സി.എഫ്. തോമസിനെ ചുമതലപ്പെടുത്താന്‍ കെ.എം. മാണിക്ക് അധികാരമില്ലെന്നാണ് പരാതിയില്‍ പറഞ്ഞത്. കോട്ടയം മണ്ഡലത്തില്‍ യു.ഡി.എഫ് ഡമ്മി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല.

എല്‍ .ഡി.എഫ്, ബി.ജെ.പി, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളാണ് ജോസ് കെ മാണിയ്‌ക്കെതിരെ പരാതി നല്കിയിട്ടുള്ളത്.യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിക്കെതിരെ ലഭിച്ച പരാതി ഗൗരവമുള്ളതാണെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അജിത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ നിയമപരമായ എല്ലാ തെളിവുകളും കൈവശം ഉണ്ടെന്നും അത് ബുധനാഴ്ച്ച വരണാധികാരിയ്ക്ക് സമര്‍പ്പിക്കുമെന്നും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി മാധ്യമങ്ങളെ അറിയിച്ചു.

എല്‍ .ഡി.എഫ്, ബി.ജെ.പി, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് ജോസ് കെ. മാണിയുടെ പത്രിക സ്വീകരിക്കുന്നത് വരണാധികാരി നീട്ടിവച്ചത്.ജോസ് കെ. മാണിയും പരാതിക്കാരും നാളെ കാലത്ത് പതിനൊന്ന് മണിക്ക് മുന്‍പായി വിശദാംശങ്ങള്‍ നല്‍കണം. ബുധനാഴ്ചയാണ് പരാതിയില്‍ തെളിവെടുപ്പ് നടക്കുക.

Scroll To Top