Monday December 05, 2016
Latest Updates

കൊടുങ്കാറ്റും പേമാരിയും തുടരുന്നു :അഞ്ചു കൗണ്ടികളില്‍ റെഡ് അലര്‍ട്ട് ,വിമാന സര്‍വീസുകള്‍ റദ്ദാക്കി

കൊടുങ്കാറ്റും പേമാരിയും തുടരുന്നു :അഞ്ചു കൗണ്ടികളില്‍ റെഡ് അലര്‍ട്ട് ,വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഡബ്ലിന്‍ :കൊടുങ്കാറ്റും പേമാരിയും പടിഞ്ഞാറന്‍ തീരങ്ങളെ ദുരിതത്തിലാഴ്ത്തി. ശക്തമായ കാറ്റിലും മഴയിലും പല സ്ഥലങ്ങളിലും ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടിരിക്കുയാണ്. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയിലാണ് പല സാങ്കേതിക തകരാറുകളും ഉണ്ടായിരിക്കുന്നത്.
10,000ത്തില്‍പരം വീടുകളിലാണ് കഴിഞ്ഞ ദിവസം മുതല്‍ വൈദ്യുതി തടസപ്പെട്ടിരിക്കുന്നത്. ഡബ്ലിനിലും ലൗത്തിലുള്ള ചില പ്രദേശങ്ങളിലുമാണ് വൈദ്യുതി തടസം വളരെ കഠിനമായ രീതിയില്‍ തന്നെ ബാധിച്ചത്.
ഷാനണിലേക്കും ഷാനണില്‍ നിന്നുമുള്ള വിമാന സര്‍വ്വീസുകളും റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 7,000ത്തോളം ഫോണ്‍ ലൈനുകളും കട്ടായിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വാട്ടര്‍ഫോര്‍ഡിലും മായോയിലും സ്ഥിതി വളരെ മോശമായതായാണ് റിപ്പോര്‍ട്ടുകള്‍. ക്ലെയറിലെയും കെറിയിലെയും തീര പ്രദേശങ്ങളില്‍ 20 മീറ്ററോളം ഉയരത്തിലാണ് തിരമാലകള്‍ വീശിയടിച്ചത്.
വളരെ ശക്തമായ കാറ്റ് വീശിയതിനാല്‍ കോര്‍ക്ക് യൂനിവേഴ്‌സിറ്റി ആശുപത്രിയുടെ പ്രധാന കവാടം അടച്ചിടേണ്ട അവസ്ഥയിലായിരുന്നു.
മായോ, ഗാല്‍വേ, ക്ലെയര്‍, കെറി, വാട്ടര്‍ഫോര്‍ഡ്, വെക്‌സ്‌ഫോര്‍ഡ് തുടങ്ങിയ അഞ്ചോളം കൗണ്ടികളില്‍ വളരെ അപകടകരമായ രീതിയില്‍ കാറ്റും മഴയും ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്നാണ് മെറ്റ് എയ്‌റീന്‍ അറിയിച്ചത്. റെഡ് അലേര്‍ട്ടാണ് ഈ കൗണ്ടികളില്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
വളരെ മോശമായ രീതിയിലേക്ക് അവസ്ഥകള്‍ എത്തിച്ചേരാനുള്ള സാധ്യതയും മെറ്റ് എയ്‌റീന്‍ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
പല വിമാന സര്‍വ്വീസുകളും റദ്ദാക്കുകയോ വഴി തിരിച്ചു വിടുകയോ ചെയ്തിരിക്കുകയുമാണ്. ജല ഗതാഗതത്തിലും തടസങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. പല ബോട്ട്, കപ്പല്‍ സര്‍വ്വീസുകളും ഐറിഷ് ഫെറി റദ്ദാക്കിയതായി അറിയിച്ചിട്ടുണ്ട്.
ഡൊനഗലില്‍ നിന്നും ഡബ്ലിനില്‍ നിന്നുമുള്ള വിമാന സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. എയര്‍ലിംഗസ് ഫ്‌ലൈറ്റുകളും റയെന്‍എയര്‍ ഫ്‌ലൈറ്റും സര്‍വ്വീസുകള്‍ ഭാഗീകമായി റദ്ദാക്കിയിട്ടുണ്ട്.

Scroll To Top