Saturday December 03, 2016
Latest Updates

കൊച്ചി ടീമിന് പിന്തുണ തേടി സച്ചിന്‍ കേരളത്തില്‍

കൊച്ചി ടീമിന് പിന്തുണ തേടി സച്ചിന്‍ കേരളത്തില്‍

തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കേരളത്തില്‍ എത്തി.  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സച്ചിന്‍ വാങ്ങിയ കൊച്ചി ടീമിന് പിന്തുണ തേടിയാണ് സച്ചിന്‍ കേരളത്തില്‍ എത്തിയത്‌. രാവിലെ 8.45-ഓടെ സച്ചിന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. നൂറുകണക്കിന് ആരാധകരാണ് പ്രിയതാരത്തെ കാണാന്‍ വിമാനത്താവളത്തിലെത്തിയത്. തിരുവനന്തപുരത്ത് എത്തിയ സച്ചിന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് എന്നിവരുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് കൊച്ചിയിലേക്ക് പോകുന്ന സച്ചിന്‍ കൊച്ചി മേയര്‍, ജിസിഡിഎ ചെയര്‍മാന്‍, കെഎഫ്എ ഭാരവാഹികള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തും.

തുടര്‍ന്ന് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ എത്തുന്ന സച്ചിന്‍ സ്‌റ്റേഡിയാത്തിലെ അടിസ്ഥാന സൌകര്യങ്ങള്‍ പരിശോധിക്കും. തന്റെ പേരില്‍ കൊച്ചി സ്‌റ്റേഡിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പവലിയനും അദ്ദേഹം സന്ദര്‍ശിക്കും. സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്ക് നികുതി ഇളവ് നല്കുന്നത് സംബന്ധിച്ചാണ് ടോണി ചമ്മണിയുമായി ചര്‍ച്ച നടത്തുക. ലീഗിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങളെക്കുറിച്ച് ജി സി ഡി എ ചെയര്‍മാനുമായും, കേരളത്തിലെ ഫുട്‌ബോള്‍ ടീമുകളുടെ നടത്തിപ്പും നിലവാരവും സംബന്ധിച്ച് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുമായും ചര്‍ച്ച നടത്തും.

സച്ചിന്റെ വിരമിക്കലിനോടനുബന്ധിച്ച് കലൂര്‍ സ്‌റ്റേഡിയത്തില്‍ പണികഴിപ്പിച്ച സച്ചിന്‍ പവലിയനില്‍ ഇത് ആദ്യമായാണ് സച്ചിന്‍ സന്ദര്‍ശിക്കുന്നത്. ധോണിയാണ് സച്ചിന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തത്. കലൂര്‍ സ്‌റ്റേഡിയത്തിലെ സച്ചിന്റെ പ്രകടനങ്ങളുടെ ഓര്‍മയ്ക്കായാണ് സച്ചിന്‍ പവലിയന്‍ നിര്‍മ്മിച്ചത്.

Scroll To Top