Sunday December 11, 2016
Latest Updates

കൊച്ചിയിലെ ചുംബന സമരം:അനുമതിയില്ലെന്ന് പോലിസ്,സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച മുറുകുന്നു 

കൊച്ചിയിലെ ചുംബന സമരം:അനുമതിയില്ലെന്ന് പോലിസ്,സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച മുറുകുന്നു 

കൊച്ചി: ഫേസ്ബുക്ക് കൂട്ടായ്മ നവംബര്‍ രണ്ടിന് എറണാകുളം മറൈന്‍ ഡ്രൈവില്‍ ‘കിസ് ഓഫ് ലവ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരസ്യ ചുംബന പരിപാടിക്ക് പൊലീസ് വിലക്കേര്‍പ്പെടുത്തി.പരിപാടി സംഘടിപ്പിക്കുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. ഇക്കാര്യം സംഘാടകരെ അറിയിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണുടെ ഓഫീസ് വ്യക്തമാക്കി.

അതേസമയം കിസ് ഓഫ് ലവ് സംഘടിപ്പിക്കുന്ന മറൈന്‍ ഡ്രൈവില്‍ ബുധനാഴ്ച രാവിലെ സംഘാടകര്‍ നടത്തിയ വാര്‍ത്ത സമ്മേളനം ഒരു വിഭാഗം തടസപ്പെടുത്തി. പരിപാടി നടത്താന്‍ അനുദവിക്കില്ലെന്നറിയിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. ദേശീയ മാധ്യമങ്ങളടക്കം പങ്കെടുത്ത വാര്‍ത്ത സമ്മേളനത്തിനിടെ പ്രതിഷേധിച്ചവര്‍ തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്നും വ്യക്തമാക്കുന്നുണ്ടായിരുന്നു. സദാചാര പൊലീസുകാര്‍ വേണ്ട, സദാചാര പൊലീസ് ചമയുന്നത് കുറ്റകൃത്യമാണ് തുടങ്ങിയ പ്‌ളക്കാര്‍ഡുകളുമായാണ് സംഘാടകര്‍ മറൈന്‍ ഡ്രൈവില്‍ എത്തിയത്.

‘കിസ് ഓഫ് ലവ്’ എന്ന ഫേസ്ബുക് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്.ചുംബിച്ചാല്‍ സദാചാരം ഇടിഞ്ഞുവീഴുമെന്ന് ഭയപ്പെടുന്ന സകല സദാചാരവാദികളേയും ക്ഷണിക്കുന്നു എന്ന തരത്തിലുള്ള പോസ്റ്റും ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചിട്ടുണ്ട്.അതേസമയം, ചുംബന വിവാദത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തീവ്ര വര്‍ഗീയ ചേരിതിരിവാണ് നടക്കുന്നത്.
കോഴിക്കോട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാമുകീ കാമുകന്മാര്‍ പരസ്യചുംബനത്തില്‍ ഏര്‍പ്പെടുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും തുടങ്ങിയ ചര്‍ച്ച സകല സീമകളും ലംഘിച്ച് അസഭ്യം പറച്ചിലിലേക്കും എത്തിനില്‍ക്കുകയാണ്. ഇതിന്റെ പേരില്‍ സൈബര്‍ കേസിനും നീക്കമുണ്ട്.

Scroll To Top