Monday December 05, 2016
Latest Updates

കേരളാ എക്‌സ്പ്രസില്‍ കുടുംബത്തെ ആക്രമിച്ച് പകല്‍ കൊള്ള നടത്തിയ പ്രതികള്‍ പിടിയിലായി

കേരളാ എക്‌സ്പ്രസില്‍ കുടുംബത്തെ ആക്രമിച്ച് പകല്‍ കൊള്ള നടത്തിയ പ്രതികള്‍ പിടിയിലായി

കുറവിലങ്ങാട് : തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിക്ക് പോയ കേരള എക്‌സ്പ്രസ് ട്രെയിനില്‍ ഭിന്ന ശേഷിയുള്ളയാളിനെയും കുടുംബത്തെയും ആക്രമിച്ച് പണവും മൊബൈലും കവര്‍ന്ന രണ്ട് പ്രതികള്‍ പിടിയിലായി. തിരുവനന്തപുരം കല്ലമ്പലം നാസിര്‍ മന്‍സിലില്‍ മുഹമദ് നാസിം (52), ഭാര്യ ഹയറുന്നീസ (45), മകന്‍ മുഹമ്മദ് നാഫിന്‍ ( 8) എന്നിവരാണ് ആക്രമണത്തിനിരയായത്. നാസിമിന്റെ ഒരു കണ്ണിന് കാഴ്ചയില്ല. തലയ്ക്ക് അടിയേറ്റ ഹയറുന്നീസ അബോധാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഹമ്മദിന്റെ ഒരു കണ്ണിന് പരിക്കേറ്റിട്ടുണ്ട്. മകനും ചെറിയ പരിക്കുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് നാഗര്‍കോവില്‍ സ്വദേശികളായ സന്തോഷ് (22), വിനു (19) എന്നിവരെയാണ് പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്. ബാഗും മൂവായിരം രൂപയും മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്ന് കണ്ടെടുത്തു.

ഉച്ചകഴിഞ്ഞ് രണ്ടരയോടെ കടുത്തുരുത്തി കുറുപ്പുന്തറയ്ക്കും കോതനല്ലൂരിനും ഇടയില്‍ ട്രെയിന്‍ നിറുത്തിയപ്പോഴാണ് സംഭവം.
ഇന്നലെ രാവിലെ വര്‍ക്കലയില്‍ നിന്ന് മുഹമ്മദും കുടുംബവും തലയോലപ്പറമ്പിലുള്ള ബന്ധുവീട്ടിലേക്ക് പോകാനാണ് കേരള എക്‌സ്പ്രസില്‍ കയറിയത്. വികലാംഗര്‍ക്കുള്ള കമ്പാര്‍ട്ടുമെന്റിലായിരുന്നു ഇവര്‍. ഏറ്റുമാനൂരില്‍വച്ച് രണ്ടുപേര്‍ കമ്പാര്‍ട്ടുമെന്റിലേക്ക് ചാടിക്കയറിയപ്പോള്‍ ഇത് വികലാംഗരുടെ കമ്പാര്‍ട്ട്‌മെന്റാണെന്ന് മുഹമ്മദ് പറഞ്ഞു. 

അറിയാതെ കയറിയതാണെന്നും അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിക്കൊള്ളാമെന്നും അവര്‍ പറഞ്ഞു. ട്രെയിന്‍ കോതനല്ലൂരിനും മാഞ്ഞൂരിനും ഇടയ്‌ക്കെത്തിയപ്പോള്‍ പ്രതികള്‍ ബലംപ്രയോഗിച്ച് ഹയറുന്നീസയുടെ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. മുഹമ്മദ് ചെറുത്തപ്പോഴായിരുന്നു ക്രൂരമായ മര്‍ദ്ദനം. ഹയറുന്നീസയെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. തടഞ്ഞ മുഹമ്മദ് നാഫിന്റെ മുഖത്തും നെഞ്ചത്തും ഇടിച്ചു. അതിനിടെ മുഹമ്മദ് ചങ്ങല വലിച്ചു വണ്ടി നിറുത്തിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

വിവരം അറിഞ്ഞ് നാട്ടുകാരും ഓട്ടോറിക്ഷക്കാരും നടത്തിയ തെരച്ചിലിലാണ് റെയില്‍വേട്രാക്കിലൂടെ ഓടി കോതനെല്ലൂരില്‍ എത്തിയ പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതിയുടെ വിവരംകിട്ടിയത്. 

Scroll To Top