Tuesday December 06, 2016
Latest Updates

കേരളത്തില്‍ മയക്കുമരുന്ന് കേസുകളുടെ എണ്ണം പെരുകുന്നു; ഏറ്റവും അധികം കേസുകള്‍ കൊച്ചിയില്‍നിന്ന്

കേരളത്തില്‍ മയക്കുമരുന്ന് കേസുകളുടെ എണ്ണം പെരുകുന്നു; ഏറ്റവും അധികം കേസുകള്‍ കൊച്ചിയില്‍നിന്ന്

കൊച്ചി: മയക്കുമരുന്നു കേസുകളുടെ കാര്യത്തില്‍ സംസ്ഥാനത്തു വന്‍ വര്‍ധന.  മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇരട്ടിയായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരില്‍ പിടിക്കപ്പെട്ട കേസുകളില്‍ കൊച്ചിയിലെ റിജ്യണല്‍ കെമിക്കല്‍ അനാലിസിസ് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് എത്തിയ സാമ്പിളുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവാണ് രേഖപ്പെടുത്തപെട്ടത്.

2012-13 വര്‍ഷത്തില്‍ 350 കേസുകളാണ് പരിശോധനയ്ക്കായി എത്തിയതെങ്കില്‍ 2013-14 വര്‍ഷത്തില്‍ ഇത് 440 ആയി വര്‍ധിച്ചു.

2014-15 വര്‍ഷത്തില്‍ ഫെബ്രുവരി വരെ മാത്രം 764 കേസുകളായിട്ടുണ്ട്. സിനിമാ താരം ഉള്‍പ്പെടെ പിടിയിലായ കൊക്കെയ്ന്‍ കേസില്‍ കൊച്ചി മയക്കുമരുന്നു വ്യാപാരത്തിന്റെ ഹബ്ബായി മാറിയെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളില്‍നിന്നു ലബോറട്ടറിയില്‍ എത്തിയ മയക്കുമരുന്നു കേസുകളിലെ സാമ്പിളുകളെക്കാള്‍ ഇരട്ടിയാണ് എറണാകുളം ജില്ലയില്‍നിന്ന് എത്തിയത്.
മയക്കുമരുന്നു കേസുകളുടെ കാര്യത്തിലും കൊച്ചി ഏറെ മുന്നിലാണ്. 2014ല്‍ 508 കേസുകളിലായി 643 പേരാണ് കൊച്ചിയില്‍ മാത്രം പൊലിസിന്റെ മയക്കുമരുന്നു വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്. 2015 ജനുവരിയില്‍ 44 കേസുകളിലായി 58 പേരും പിടിയിലായത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി കൊച്ചി കാക്കാനാട് ലബോറട്ടറിയില്‍ പരിശോധനയ്ക്കായി പൊലിസും എക്‌സൈസും അയക്കുന്ന കേസുകളില്‍ അധികവും കഞ്ചാവു കേസുകളാണ്. സംസ്ഥാനത്തു മദ്യ വില്‍പനയ്ക്കു നിയന്ത്രണം വന്നതോടെ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചതായാണ് പൊലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

കഞ്ചാവ് കൂടാതെ കൊക്കെയ്ന്‍ ഉള്‍പ്പടെയുള്ള മറ്റു മയക്കുമരുന്നുകളുടെ ഉപയോഗവും വ്യാപകമായിട്ടുണ്ട്. ചികിത്സയ്ക്കായി വേദന സംഹാരികളായി ഉപയോഗിക്കുന്ന ഔഷധങ്ങള്‍പോലും മയക്കുമരുന്നായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മയക്കുമരുന്നിന്റെ പുതിയ രൂപഭേദങ്ങളായ എല്‍.എസ്.ഡി, എം.ഡി.എം.എ എന്നിവയും പരിശോധനയ്ക്കായി എത്തിയിരുന്നു. ഡൈസ്പാം, നിറ്റ്‌റാസ്പാം, ക്ലോണോസൈപാം തുടങ്ങിയ വിവിധ പേരുകളിലുള്ള മരുന്നുകളുടെ ഉപയോഗവും സംസ്ഥാനത്തു വ്യാപകമായി കാണപ്പെട്ടിട്ടുണ്ട്.

Scroll To Top