Monday December 05, 2016
Latest Updates

കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും കോഴ്‌സും പരീക്ഷയും ഏകീകരിക്കുന്നു

കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും കോഴ്‌സും പരീക്ഷയും ഏകീകരിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും കോഴ്‌സും പരീക്ഷയും ഏകീകരിക്കാന്‍ നീക്കം. വിവിധ സര്‍വകലാശാലകള്‍ തമ്മില്‍ കോഴ്‌സുകളുടെ നടത്തിപ്പിലും പരീക്ഷകളിലും ഫലപ്രഖ്യാപനത്തിലും ഏകീകരണം വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ആയതിനാല്‍ തന്നെ സര്‍വകലാശാലകളില്‍ ഒരേസമയം പരീക്ഷയും ഫലപ്രഖ്യാപനവും നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍, മലയാളം, സംസ്‌കൃതം, കൊച്ചി സര്‍വകലാശാലകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ സര്‍വകലാശാലാ രജിസ്ട്രാര്‍മാരും പരീക്ഷാ കണ്‍ട്രോളര്‍മാരും ഉള്‍പ്പെടുന്ന സമിതിക്ക് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് രൂപം നല്‍കി.

പ്രൊഫഷനല്‍ കോഴ്‌സുകള്‍ നടത്തുന്ന മറ്റ് സര്‍വകലാശാലകള്‍ അവ മാത്രം നടത്തുന്നതിനാല്‍ സമയക്രമം അവര്‍ക്ക് മാത്രം തീരുമാനിക്കാവുന്നതാണ്. സ്വയംഭരണ കോളേജുകള്‍ക്കും അവരുടെ പരീക്ഷയുടെ തീയതി നിശ്ചയിക്കാനും ഫലം പ്രഖ്യാപിക്കാനും കഴിയും. നിലവില്‍ സംസ്ഥാനത്തെ ഓരോ സര്‍വകലാശാലകളിലും വിവിധ സമയങ്ങളിലാണ് കോഴ്‌സുകള്‍ തുടങ്ങുന്നതും പരീക്ഷ നടക്കുന്നതും. ഫലപ്രഖ്യാപനങ്ങള്‍ തമ്മില്‍ ചിലപ്പോള്‍ മാസങ്ങളുടെ വിത്യാസമുണ്ടാകാറാണ് പതിവ്. ഇതുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിച്ചാലും ഫലം വൈകുന്നതിനാല്‍ പലര്‍ക്കും ഉപരി പഠനത്തിന് അവസരം നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്.

സംസ്ഥാനത്തുള്ള പഠനാവസരങ്ങളെപ്പോലും ഇതു ബാധിക്കുന്നതിനാലാണ് സമാന കോഴ്‌സുകള്‍ എല്ലാ സര്‍വകലാശാലകളിലും ഒരേസമയം തുടങ്ങുകയും പരീക്ഷ നടത്തുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.

Scroll To Top