Saturday December 10, 2016
Latest Updates

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷം 9707 പോസ്റ്റുകള്‍ പിന്‍വലിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷം 9707 പോസ്റ്റുകള്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 9707 പോസ്റ്റുകള്‍ ഫേസ്ബുക്ക് പിന്‍വലിച്ചു. പ്രാദേശിക നിയമം ലംഘിച്ചെന്നതിന്റെ പേരിലാണ് നടപടി. പിന്‍വലിക്കുന്ന പോസ്റ്റുകളുടെ എണ്ണത്തില്‍ 11 ശതമാനത്തിന്റെ വര്‍ധനയാണ് കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ജൂലൈ മുതല്‍ ഡിസംബര്‍ വരെമാത്രം 5832 പോസ്റ്റുകള്‍ പിന്‍വലിച്ചു.

എന്നാല്‍ ഏതെങ്കിലും രാജ്യത്തെ സര്‍ക്കാരുകളുടെ പരാതിയേത്തുടര്‍ന്ന് പിന്‍വലിക്കേണ്ടി വരുന്ന പോസ്റ്റുകള്‍ മറ്റു രാജ്യങ്ങളില്‍ ലഭ്യമാക്കുമെന്ന് ഫേ്‌സ്ബുക്ക് അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, യാഹൂ, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള ഭീമന്മാര്‍ കഴിഞ്ഞ വര്‍ഷം മുതലാണ് പ്രാദേശിക സര്‍ക്കാരുകളുടെ ആവശ്യത്തെ തുടര്‍ന്ന് പോസ്റ്റുകള്‍ പിന്‍വലിച്ചു തുടങ്ങിയത്. പിന്‍വലിക്കേണ്ടി വന്ന പോസ്റ്റുകളുടെ വിവരങ്ങള്‍ പുറത്ത് വിട്ടു തുടങ്ങിയതും കഴിഞ്ഞ വര്‍ഷമാണ്.

പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ ഞായറാഴ്ച്ച മുതല്‍ ഫേസ്ബുക്ക് നല്‍കിയിരുന്നു. തങ്ങളുടെ കമ്മ്യൂണ്ണിറ്റി സ്റ്റാന്‍ഡേര്‍ഡ് പരിഷ്‌കരിച്ചാണ് ഇത്തരം വിവരങ്ങള്‍ ഫേസ്ബുക്ക് നല്‍കിയത്. വ്യക്തി വിദ്വേഷം, ജാതിമത സ്പര്‍ധ, വര്‍ഗീയത, എന്നിവ പ്രോത്സാഹിപ്പിക്കുന്നതും അശഌല ഉള്ളടക്കം, ഭീകര സംഘടനകളുടെ ആശയപ്രചരണം എന്നിവ ഉള്‍ക്കൊള്ളുന്നതുമായ പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും പരാതിപ്പെടാനും ഫെയ്‌സ്ബുക്കില്‍ സംവിധാനം ഉണ്ട്.

അതിനിടെ സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് നഗരവികസന മന്ത്രിയുമായ അസം ഖാനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടെന്ന് ആരോപിച്ച് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഖാന്റെ മാധ്യമഉപദേഷ്ടാവ് ഫസഹത് അലിയുടെ പരാതിയിലാണ് പൊലീസ് നടപടി. കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Scroll To Top