Sunday December 11, 2016
Latest Updates

സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ രേഖ ചോര്‍ത്തിയ സര്‍വകലാശാല ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ രേഖ ചോര്‍ത്തിയ സര്‍വകലാശാല ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

ന്യൂഡല്‍ഹി: കേന്ദ്രമാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഡല്‍ഹി സര്‍വ്വകലാശാല 5 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. സര്‍വകലാശാല ജീവനക്കാര്‍ ചോര്‍ത്തിയ രേഖകള്‍ കഴിഞ്ഞ ദിവസം ഒരു ദേശീയ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സര്‍വകലാശാല അധികൃതര്‍ ജീവനക്കാരെ പുറത്താക്കിയത്.

2004 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നല്‍കിയ സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അന്ന് നല്കിയ രേഖകളില്‍ സ്മൃതി ഇറാനി വിദ്യാഭ്യാസ യോഗ്യത ബിരുദമുണ്ടെന്ന് രേഖപ്പെടുത്തിയുരുന്നു. എന്നാല്‍ 2014 ല്‍ നല്കിയ രേഖകളില്‍ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു എന്നും രേഖപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ യോഗ്യതയിലെ ഈ വൈരുദ്ധ്യവും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.

ഡല്‍ഹി യൂണിവേഴ്‌സിറ്റി രേഖകള്‍ പ്രകാരം സ്മൃതി ബി എയ്ക്ക് ചേര്‍ന്നുവെങ്കിലും പരീക്ഷ എഴുതിയിട്ടില്ല. ഇത് സംബന്ധിച്ച രേഖകളാണ് യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ പുറത്ത് വിട്ടത്. ഇതേതുടര്‍ന്നാണ് ജീവനക്കാര്‍ സസ്‌പെന്‍ഷനിലായത്. അതേസമയം ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്വതന്ത്ര അധികാരമുള്ള സ്ഥാപനമാണെന്നും ജീവനക്കാരെ പുറത്താക്കിയതില്‍ തനിക്ക് പങ്കില്ലെന്നും സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായും അവര്‍ ട്വീറ്റ് ചെയ്തു.

Scroll To Top