Tuesday December 06, 2016
Latest Updates

കേക്ക് വിപണിയിലെ മധുരമേറി

കേക്ക് വിപണിയിലെ മധുരമേറി

കേരളത്തില്‍ ഇത്തവണയും കേക്ക് ബിസിനസ് പൊടിപൊടിച്ചു. ജാതിമതഭേദമന്യേ കേരളീയര്‍ ക്രിസ്തുമസും പുതുവത്സരവും ആഘോഷിക്കുമ്പോള്‍ വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന കേക്കിന്റെ എണ്ണവും മുകളിലേക്കാണ്. 800 കോടിയുടെ കേക്കാണ് ഇത്തവണ സംസ്ഥാനത്ത് നിര്‍മിച്ച് വിറ്റഴിക്കപ്പെട്ടതെന്നു കണക്കുകള്‍ പറയുന്നു.

സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശ വിപണിയിലേക്കും കേരളത്തില്‍ നിര്‍മിച്ച കേക്ക് ഇത്തവണ വന്‍തോതില്‍ കയറ്റി അയച്ചിട്ടുണ്ട്. ബേക്കറികള്‍ക്ക് ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്ന സീസണ്‍ എന്ന നിലയ്ക്ക് ക്രിസ്തുമസ് പുതുവത്സര വിപണിയെ വരവേല്‍ക്കാന്‍ വളരെ നേരത്തെ തന്നെ ബേക്കേഴ്‌സ് അസോസിയേഷന്‍ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. ഇതുകൊണ്ട് തന്നെയാണ് സാമ്പത്തിക മാന്ദ്യവും റബര്‍ വിലയിടിവും ഒന്നും തന്നെ ബാധിക്കാതെ കേക്ക് വില്‍പ്പന റെക്കോര്‍ഡ് കടന്നതും.

ക്രിസ്മസിനും വളരെ മുമ്പുതന്നെ കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ച് ബേക്കേഴ്‌സ് അസോസിയേഷന്‍ ഇതിനുള്ള തയ്യാറെടുപ്പുക്ക് തുടക്കം കുറിച്ചിരുന്നു. 1980 ല്‍ തലശേരിയിലാണ് ആദ്യമായി ഇന്ത്യയില്‍ തദേശീയനായ ഒരാള്‍ ബേക്കറി തുടങ്ങിയത്. 1983ല്‍ തലശേരിയില്‍തന്നെ ആദ്യമായി കേക്കും നിര്‍മിച്ചു. ഇതോടെ കേരളത്തിന്റെ സ്ഥാനം കേക്കിലൂടെ ലോകത്തിനു മുമ്പില്‍ കയറി നിന്നു. എന്നാല്‍ കാലക്രമത്തില്‍ ബേക്കറി ഉത്പ്പന്നങ്ങളിലെ നിറവും മറ്റുമായി രൂപപ്പെട്ട ചില ധാരണകള്‍ കേക്ക് വിപണിയേയും ബാധിച്ചുവെന്നതു യാഥാര്‍ത്ഥ്യമാണ്. ബേക്കറി ഉത്പ്പന്നകേന്ദ്രങ്ങള്‍ പൊതു ജനങ്ങള്‍ക്ക് പരിശോധിക്കാവുന്ന രീതിയിലേക്ക് തുറന്നിട്ട് സുതാര്യത വരുത്തുകയാണ് ഇതിന് പരിഹാരം. തുടര്‍ന്ന് കെമിക്കലുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്ന രീതിയിലേക്ക് മാറ്റി. ഇതോടെ ഉത്പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വീണ്ടും പ്രിയമേറി തുടങ്ങിയതോടെ കേക്ക് വില്‍പ്പന സജീവമായി. കേക്കിന്റെ വര്‍ദ്ധിച്ച വിപണന സാധ്യത മുന്‍കൂട്ടികണ്ട് വീടുകളില്‍ നിന്ന് കേക്ക് കുടില്‍ വ്യവസായം പോലെ ഉത്പാദിപ്പിക്കാനുള്ള പദ്ധതികളും ഇത്തവണ പരീക്ഷിച്ചിരുന്നു. 

ഇത്തരത്തില്‍ വര്‍ദ്ധിച്ച തോതില്‍ കേക്ക് നിര്‍മിച്ചതോടെ വിപണിയില്‍ ഒട്ടും കുറവുവന്നില്ലെന്ന് മാത്രമല്ല, യഥേഷ്ടം വിറ്റഴിക്കാനുമായി. ആദ്യകാലത്ത് മദ്ധ്യ കേരളത്തില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്ന ക്രിസ്മസ് ആഘോഷം തെക്ക് വടക്ക് ഭാഗങ്ങളിലേക്ക് പടര്‍ന്ന് കേരളമാകെ ആഘോഷിക്കുന്ന രീതിയിലായതാണ് ബേക്കറി ഉടമകള്‍ക്കും സന്തോഷം പകരുന്ന വിപണി സാധ്യതയ്ക്ക് കാരണമായത്. ജനവുരി 2 വരെ നീണ്ടു നില്‍ക്കുന്ന കേക്കിന്റെ വാണിജ്യ കാലത്തെ പരമാവധി ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണിവര്‍. പരമ്പരാഗത ശൈലിയിലുള്ള പ്ലം കേക്കുകള്‍ക്ക് തന്നെയാണ് ഇപ്പോഴും ആവശ്യക്കാര്‍ ഏറെയുള്ളതെന്നും പാരമ്പര്യ രീതിയില്‍നിന്ന് മാറികൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളില്ലെന്നുമാണ് ബേക്കറി ഉടമകളും പറയുന്നത്

Scroll To Top