Monday December 05, 2016
Latest Updates

കൂദാശകള്‍ക്ക് വന്‍തുക പ്രതിഫലം ഈടാക്കിയ കത്തോലിക്ക വൈദികന്‍ ഡബ്ലിനില്‍ അറസ്റ്റിലായി

കൂദാശകള്‍ക്ക് വന്‍തുക പ്രതിഫലം ഈടാക്കിയ കത്തോലിക്ക വൈദികന്‍ ഡബ്ലിനില്‍ അറസ്റ്റിലായി

ഡബ്ലിന്‍ :മതപരമായ അനുഷ്ഠാനങ്ങളുടെ കാര്യങ്ങള്‍ പറഞ്ഞ് വിശ്വാസികളില്‍ നിന്നും 500,000 യൂറോയോളം പണം തട്ടിയ വൈദികനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ആറുമാസത്തോളം നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഗാര്‍ഡ അറസ്റ്റിലേക്ക് നീങ്ങിയത്.

ഇത്തരത്തില്‍ തട്ടിപ്പു നടക്കുന്നുണ്ടെന്ന് വൈദികന്‍ അംഗമായ സന്ന്യാസ സഭയില്‍ നിന്നും പരാതി കിട്ടിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തട്ടിപ്പു തുടങ്ങിയിട്ട് 13 വര്‍ഷക്കാലത്തോളമായെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരിക്കുന്നത്.ഇതേ തുടര്‍ന്ന് ഗാര്‍ഡയുടെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണങ്ങളാണ് വൈദികന്റെ അറസ്റ്റിലേയ്ക്ക് നയിച്ചത്.

ആരാധനകള്‍ക്കും കുര്‍ബാനയ്ക്കും മറ്റുമായി കാനോന്‍ നിയമങ്ങള്‍ക്കും ,സന്യാസ സഭാ നിയമങ്ങള്‍ക്കും വിരുദ്ധമായി അമിതമായി ചാര്‍ജ് ഈടാക്കി വിശ്വാസികളെയും സഭാധികൃതരേയും കബളിപ്പിച്ചു എന്നായിരുന്നു വൈദികനെതിരെയുള്ള കേസ്.

പ്രത്യേക പ്രാര്‍ത്ഥനകളോ കുര്‍ബാനയ്ക്കായൊ ലഭിക്കുന്നതില്‍ നിന്നും ഒരു സ്‌റ്റൈപ്പെന്റ് വൈദികനും അവകാശപ്പെട്ടതാണെന്ന് നിയമം അനുശാസിക്കുന്നുണ്ട്. അതില്‍ കൂടുതല്‍ ഈ വൈദികന്‍ വാങ്ങിയെന്നാണ് സന്ന്യാസ സഭയുടെ പരാതിയില്‍ പറയുന്നത്.മാത്രമല്ല മറ്റു പല വൈദികരുടെയും പേരില്‍ ഇദ്ദേഹം കുര്‍ബാന പണം കൈക്കലാക്കുകയും ചെയ്തു.

ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന 59കാരനായ വൈദികന്‍ പല കാര്യങ്ങള്‍ക്കായി വിശ്വാസികളുടെ കൈയ്യില്‍ നിന്നും കൂടുതല്‍ തുക കൈപ്പറ്റിയതായി തെളിഞ്ഞിട്ടുണ്ട്.

മറ്റു വൈദികരുടെ പേരിലും ഇയാള്‍ പണം കൈപ്പറ്റിയതായി ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ കൈവരിച്ച പണം ഉപയോഗിച്ച് വിദേശയാത്രകളും ലക്ഷ്വറി ഹോട്ടലുകളിലെ ജീവിതവും വിലപിടിച്ച സാധനങ്ങളും ആഭരണങ്ങളും വാങ്ങിവയ്ക്കുകയും ഒക്കെയാണ് വൈദികന്‍ ചെയ്തിട്ടുള്ളത്.

കൂടെയുള്ള ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലുള്ള പണം വാങ്ങലുകളാണ് ഇദ്ദേഹം നടത്തിയിരുന്നത്. എന്നാല്‍ ചില സംശയങ്ങള്‍ തോന്നിയ അതോറിറ്റി കഴിഞ്ഞ വര്‍ഷം നിയമത്തിന്റെ വഴിക്ക് നീങ്ങുകയായിരുന്നു.
അന്വേഷണത്തില്‍ വൈദികന്റെ യാത്രയും വാങ്ങിയ സാധനങ്ങളും ഒക്കെ തെളിവായി ലഭിക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച്ച വൈദികനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.

ഡബ്ലിന്‍ 4ലെ മൗണ്ട് ജോയ് ഗാര്‍ഡ സ്‌റ്റേഷനില്‍ ഹാജരാക്കിയ വൈദികനെ ക്രിമിനല്‍ ആക്ട് സെക്ഷന്‍ 4 പ്രകാരം ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ബുധനാഴ്ച്ച രാത്രി തന്നെ ചാര്‍ജ് ഒന്നും ചെയ്യാതെ വൈദികനെ സ്വതന്ത്രനാക്കുകയാണ് ഗാര്‍ഡ ചെയ്തത്.

കൂടുതല്‍ അന്വേഷണങ്ങള്‍ തുടര്‍ന്നും നടത്തപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെയായി പണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് ഗാര്‍ഡ വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോള്‍ പ്രതിയാക്കപ്പെട്ടിരിക്കുന്ന വൈദികന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നിയമനടപടികള്‍ സ്വീകരിക്കുകയാണ് ഗാര്‍ഡ. തട്ടിപ്പില്‍ മറ്റൊരു വൈദികരുടെയും പേരു വന്നിട്ടില്ലെന്നും ഗാര്‍ഡ വ്യക്തമാക്കിയിട്ടുണ്ട്

Scroll To Top