Friday December 09, 2016
Latest Updates

കുരുമുളകിന് കിലോ വില 529 ,ഇനിയും കൂടുമെന്ന് വ്യാപാരികള്‍

കുരുമുളകിന് കിലോ വില 529 ,ഇനിയും കൂടുമെന്ന് വ്യാപാരികള്‍

കട്ടപ്പന:മലയോര കര്‍ഷകര്‍ക്ക് ഇത് സന്തോഷത്തിന്റെ കാലം. രണ്ടുപതിറ്റാണ്ടു മുമ്പത്തെ റെക്കോഡ് ഭേദിച്ചു മുന്നേറിയശേഷം നേരിയ തോതില്‍ താഴ്ന്ന കുരുമുളകു വില ഈ വര്‍ഷത്തെ റെക്കോഡും മറികടന്നു കുതിക്കുന്നു. ഇതുവരെ കിലോക്ക് 520 രൂപയായിരുന്നു കറുത്ത പൊന്നിനു ലഭിച്ച ഏറ്റവും ഉയര്‍ന്ന വില. ഇന്നലെ ഇത് 529 വരെ എത്തി.
കട്ടപ്പന അടക്കമുള്ള സ്ഥലങ്ങളിലാണ് ഇന്നലെ ഈ വിലയ്ക്ക് കുരുമുളകു വിറ്റഴിഞ്ഞത്. അഞ്ചു മുതല്‍ 10 വരെ രൂപയുടെ വര്‍ധനയാണ് ചില ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്. വിലയിലെ കുതിച്ചുചാട്ടം വരും ദിവസങ്ങളിലും തുടരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.അറുനൂറു രൂപ വരെ വില വന്നേക്കാമെന്നാണ്പ്രവചനം
വിപണിയില്‍ വിലയുണ്ടെങ്കിലും ഇടുക്കി ,വയനാട് ജില്ലകളില്‍ ഇത്തവണ ഉത്പാദനം കുറവാണെന്നത് കര്‍ഷകരെ സങ്കടപ്പെടുത്തുന്നുമുണ്ട്.

പുതുവര്‍ഷത്തിലാണു കുരുമുളകു വില 520 ല്‍ എത്തിയത്. ഇതിനുശേഷം അഞ്ഞൂറിലേയ്ക്ക് താഴ്ന്ന വിലയാണ് വീണ്ടും കുതിക്കുന്നത്. തായ്‌ലാന്‍ഡില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതും ആഭ്യന്തര ഉപഭോഗത്തിനനുസരിച്ച് ഉത്പാദനം നടക്കാത്തതുമാണ് വില ഉയരാന്‍ കാരണമെന്നാണു വിലയിരുത്തല്‍. ഉപഭോഗത്തില്‍ വര്‍ധനവ് ഉണ്ടായപ്പോള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു കേരളത്തിലെ ഉത്പാദനത്തില്‍ ഈ വര്‍ഷം 40 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് കരുതുന്നത്.
2012 ല്‍ 50,000 ടണ്ണോളം കേരളത്തിന്റെ ഉത്പാദിപ്പിച്ചിരുന്നെങ്കിലും ഇത്തവണ 35000 ടണ്ണില്‍ താഴെയാകുമെന്നാണ് കണക്കുകൂട്ടല്‍. വിളവെടുപ്പ് ആരംഭിച്ചെങ്കിലും ഉത്പന്നം കാര്യമായ മാര്‍ക്കറ്റിലേക്ക് എത്തിത്തുടങ്ങിയിട്ടില്ല. രോഗവും ഉത്പാദനക്കുറവും മൂലം വില വര്‍ധനയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കാത്ത സ്ഥിതിയാണ്. വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ചെറുകിട കര്‍ഷകര്‍ ഉത്പന്നം വിറ്റഴിക്കുന്നുണ്ടെങ്കിലും ഇടനിലക്കാര്‍ ഇതു വാങ്ങി കരുതിവയ്ക്കുന്നതാണ് ക്ഷാമം അനുഭവപ്പെടാന്‍ കാരണമെന്നും പറയപ്പെടുന്നു.

Scroll To Top