Monday December 05, 2016
Latest Updates

കുമാര്‍ ബിശ്വാസിന്റെ കുടുംബം അമേഠിയില്‍ നിന്ന് പുറത്ത് പോകണമെന്ന് ജില്ല ഭരണകൂടത്തിന്റെ ഭീഷണി

കുമാര്‍ ബിശ്വാസിന്റെ കുടുംബം അമേഠിയില്‍ നിന്ന് പുറത്ത് പോകണമെന്ന് ജില്ല ഭരണകൂടത്തിന്റെ ഭീഷണി

അമേഠി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി കുമാര്‍ ബിശ്വാസ് ബിശ്വാസിന്റെ കുടുംബം അമേഠി വിട്ടു പോകണമെന്ന് ഭീഷണി. ജില്ല ഭരണകൂടമാണ് ഈ നിര്‍ദ്ദേശം നല്കിയത്. സ്ഥാനാര്‍ത്ഥിയുടെ കുടുംബാംഗങ്ങള്‍ അമേഠിയില്‍ നിന്ന് പുറത്ത് പോകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പുറത്താക്കുമെന്നും ജില്ല ഭരണകൂടം ഭീഷണി മുഴക്കിയതായി കുമാര്‍ ബിശ്വാസ് ആരോപിച്ചു.

തന്റെ ഭാര്യയും സഹോദരിയും ബന്ധുക്കളും അടങ്ങുന്ന കുടുംബാംഗങ്ങള്‍ ഇന്നലെ അര്‍ദ്ധ രാത്രി തന്നെ മണ്ഡലത്തില്‍ നിന്ന് പുറത്ത് പോകാന്‍ ജില്ല ഭരണകൂടം ആവശ്യപ്പെട്ടതായി കുമാര്‍ ബിശ്വാസ് പറഞ്ഞു. ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് കുമാര്‍ ബിശ്വാസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കുമാര്‍ ബിശ്വാസിന്റെ ഭാര്യ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ മണ്ഡലത്തിലെ വോട്ടര്‍മാരല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്ത് പോകാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത്. എന്നാല്‍ മണ്ഡലത്തിലെ വോട്ടറല്ലാത്ത പ്രിയങ്ക ഗാന്ധിയെ അമേഠിയില്‍ നിന്ന് പുറത്താക്കാന്‍ യുപി ഭരണകൂടത്തിനു ധൈര്യമുണ്ടോയെന്ന് കുമാര്‍ ബിശ്വാസ് ചോദിച്ചു.

അതേസമയം പരസ്യ പ്രചരണം അവസാനിച്ച സാഹചര്യത്തില്‍ മണ്ഡലത്തില്‍ വോട്ടില്ലാത്തവര്‍ പുറത്ത് പോകണമെന്ന് മാത്രമാണ് തങ്ങള്‍ ആവശ്യപ്പെട്ടാതെന്നാണ് ജില്ല ഭരണകൂടത്തിന്റെ നിലപാട്. നാളെയാണ് അമേഠിയില്‍ വോട്ടെടുപ്പ്. രാജ്യം ഉറ്റുനോക്കുന്ന മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കുമാര്‍ ബിശ്വാസിനെക്കൂടാതെ ബിജെപിയുടെ സ്മൃതി ഇറാനിയും മത്സരിക്കുന്നുണ്ട്.

Scroll To Top