Sunday December 04, 2016
Latest Updates

കുപ്രസിദ്ധ ‘മയക്ക്മരുന്ന് രാജാവ് ‘ജോണ്‍ ഗിള്ളിഗന് അജ്ഞാതരുടെ വെടിയേറ്റു

കുപ്രസിദ്ധ ‘മയക്ക്മരുന്ന് രാജാവ് ‘ജോണ്‍ ഗിള്ളിഗന് അജ്ഞാതരുടെ വെടിയേറ്റു

ഡബ്ലിന്‍ :ഡബ്ലിനിലെ കുപ്രസിദ്ധ മയക്ക് മരുന്ന് രാജാവ് ജോണ്‍ ഗില്ലിഗന് വെടിയേറ്റു. സഹോദരന്റെ വീട്ടില്‍ നടക്കുകയായിരുന്ന മാമോദീസ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനിടെ ഇന്നലെ വൈകിട്ട് 7 മണിയോട് കൂടിയാണ് ഗില്ലിഗന് വെടിയേറ്റത്. പത്രപ്രവര്‍ത്തകയായ വെറോണിക ഗിറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന ആള്‍ കൂടിയാണ് ഗില്ലിഗന്‍.

ഇയാളുടെ സഹോദരന്റെ ഗ്രീന്‍ഫോര്‍ട്ട് ഏരിയയിലെ ക്ലോണ്‍ദാല്‍ക്കിനിലുള്ള വീട്ടില്‍ വെച്ചാണ് വെടിവെപ്പ് നടന്നത്. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്തുകൊണ്ടിരുന്ന പരിപാടിയിലേക്ക് അതിക്രമിച്ച് കയറിയ മുഖംമൂടി ധരിച്ച രണ്ടു പേരാണ് വെടി വെച്ചത്.

അക്രമി സംഘത്തില്‍ നിന്ന് രക്ഷപെടാന്‍ ഇയാള്‍ ബാത്ത്‌റൂമില്‍ ഒളിക്കാന്‍ ശ്രമിച്ചുവെങ്കിലും അക്രമി സംഘം പിന്തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു. നാല് റൌണ്ട് വെടിവെപ്പ് നടന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഗില്ലിഗന്റെ ഷോള്‍ഡറിലും നെഞ്ചിലും കാലിലും വെടിയേറ്റു. വെടിയുതിര്‍ത്തതിന് ശേഷം അക്രമി സംഘം ഒരു സില്‍വര്‍ കളര്‍ എസ് യു വി കാറില്‍ രക്ഷപെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘത്തെ തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റ ഗില്ലിഗനെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം കൊണോലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന സൂചന.

1996 ല്‍ കോടിക്കണക്കിന് യൂറോ വില വരുന്ന കഞ്ചാവ് കടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഗില്ലിഗന്‍ കഴിഞ്ഞ വര്‍ഷമാണ് ജയില്‍ മോചിതനായത്. ഈ കേസില്‍ വിചാരണയ്ക്ക് ശേഷം 2001 ലാണ് ഇയാള്‍ക്ക് തടവ് ശിക്ഷ വിധിച്ചത്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ വെച്ചാണ് ഗില്ലിഗന്‍ അറസ്റ്റിലായത്. 1996 ല്‍ തനെയാണ് ഗില്ലിഗന്‍ സണ്ടേ ഇന്‍ഡിപ്പെന്‍ഡന്റിലെ ക്രൈം ജേര്‍ണലിസ്റ്റിനെ വധിച്ചത്.

12 വര്‍ഷത്തെ ജയില്‍വാസത്തിന് കഴിഞ്ഞ വര്‍ഷം ഗില്ലിഗന് ജയില്‍ മോചനം അനുവദിച്ചു. ഗില്ലിഗന്‍ പുറത്തിറങ്ങി ആഴ്ചകള്‍ക്കകം ആദ്യ വധശ്രമമുണ്ടായി. ഡബ്ലിനിലെ ഒരു പബില്‍ വെച്ചാണ് ആദ്യ വധശ്രമമുണ്ടായത്. ഗില്ലിഗന്‍ അന്ന് തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. ഇന്നലെയുണ്ടായ വെടിവെപ്പ് സംഭവം റൊണാന്‍സ്‌ടൌണ്‍ ഗാര്‍ഡ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് അന്വേഷിക്കുന്നത്. അക്രമി സംഘത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Scroll To Top