Wednesday December 07, 2016
Latest Updates

കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയാണെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി; കുട്ടികളെ ഇന്ന് നാട്ടിലെത്തിക്കും

കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയാണെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി; കുട്ടികളെ ഇന്ന് നാട്ടിലെത്തിക്കും

കോഴിക്കോട്: കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്ത് തന്നെയാണെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍.  സംഭവത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും സോറന്‍ ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഈ വിഷയത്തെ ഗൌരവമായാണ് കാണുന്നത്. ഇത് സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചുവെന്നും സോറന്‍ പറഞ്ഞു.

ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സൗജന്യ വിദ്യാഭ്യാസവും ഭക്ഷണവും നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന വാദം വിശ്വസനീയമല്ലെന്ന് ഹേമന്ദ് സോറന്‍ പറഞ്ഞു. പ്രശ്‌നം വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നില്ലെന്നും സോറന്‍ പറഞ്ഞു.

അതിനിടെ മുക്കത്തെ അനാഥാലയത്തില്‍ എത്തിച്ച കുട്ടികളെ ഇന്ന് നാട്ടിലേക്ക് തിരികെ അയയ്ക്കും. പാറ്റ്‌ന എക്‌സ്പ്രസിലാണ് കുട്ടികള്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 122 കുട്ടികളും കേരളത്തിലെയും ജാര്‍ഖണ്ഡിലെയും ഉദ്യോഗസ്ഥരുമടക്കം 150 പേരാണ് ജാര്‍ഖണ്ഡിലേക്ക് പോകുക.

രാത്രി 8.10 ന് പുറപ്പെടുന്ന പറ്റ്‌ന എക്‌സ്പ്രസിലാണ് യാത്ര സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി രണ്ട് എസി കോച്ചുകള്‍ ബുക്ക് ചെയ്തു. സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരും വനിതാ പോലീസും ഒപ്പമുണ്ടാകും. യാത്ര ചെലവും ഇരു സംസ്ഥാനങ്ങളും സംയുക്തമായി വഹിക്കും.

Scroll To Top