Thursday December 08, 2016
Latest Updates

കുടിയേറ്റക്കാര്‍ക്കായി ദേശീയോദ്ഗ്രഥന പദ്ധതികള്‍; നിര്‍ദ്ദേശങ്ങള്‍ മെയ് 9 ന് മുമ്പ് സമര്‍പ്പിക്കണമെന്ന് അലന്‍ ഷാറ്റര്‍

കുടിയേറ്റക്കാര്‍ക്കായി ദേശീയോദ്ഗ്രഥന പദ്ധതികള്‍; നിര്‍ദ്ദേശങ്ങള്‍ മെയ് 9 ന് മുമ്പ് സമര്‍പ്പിക്കണമെന്ന് അലന്‍ ഷാറ്റര്‍

ഡബ്ലിന്‍: കുടിയേറ്റക്കാര്‍ക്കായി ധാരാളം ദേശീയോദ്ഗ്രഥന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു വരുന്നതായി നിയമമന്ത്രി അലന്‍ ഷാറ്റര്‍. വര്‍ണ്ണ വിവേചനത്തിനെതിരായ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ളവര്‍ മെയ് 9 ന് മുമ്പ് സമര്‍പ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു. എഴുതി സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങളാകും പരിഗണിക്കുക. കുടിയേറ്റക്കാര്‍ ഐറിഷ് സമൂഹത്തിനു നല്കുന്ന സംഭാവനകള്‍ വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

വൈവിധ്യമാര്‍ന്ന ഐറിഷ് സംസ്‌കാരത്തിന്റെ ഭാഗമായി കുടിയേറ്റക്കാരെക്കൂടി യോജിപ്പിച്ചു കൊണ്ട് പോകുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്. ഏറ്റവു പുതിയ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ഐറിഷ് ജനസംഖ്യയുടെ 12 ശതമാനം കുടിയേറ്റക്കാരാണ്. അയര്‍ലണ്ടിന്റെ സമ്പദ്ഘടനയിലും കലാ, കായിക, സാംസ്‌കാരിക രംഗത്തും കുടിയേറ്റക്കാര്‍ നല്കുന്ന സംഭാവനകള്‍ വിസ്മരിക്കാന്‍ കഴിയുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. 

അതേസമയം കുടിയേറ്റക്കാര്‍ക്കെതിരായ വംശീയ ആക്രമണങ്ങള്‍ ചെറുക്കുക എന്നത് ഗവണ്‍മെന്റ് നേരിടുന്ന ഒരു വെല്ലുവിളി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്‌കാരങ്ങളില്‍ നിന്ന് കടന്നുവരുന്ന ജനവിഭാഗങ്ങളെ ഒരു പോലെ സ്വാഗതം ചെയ്യുന്ന സമീപനമാണ് അയര്‍ലന്‍ഡിന്റേത് എന്നും അലന്‍ ഷാറ്റര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ദേശീയോദ്ഗ്രഥന പദ്ധതികളിലൂടെ കുടിയേറ്റക്കാര്‍ക്കായി പരിഷ്‌ക്കരിച്ച ഒരു ദേശീയോദ്ഗ്രഥന നയം രൂപീകരിക്കുന്നതിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക തലത്തിലും ദേശീയ തലത്തിലും പുതിയ ദേശീയോദ്ഗ്രഥന പദ്ധതികള്‍ നടപ്പിലാക്കും.

Scroll To Top