Wednesday December 07, 2016
Latest Updates

കുഞ്ഞന്‍കാറുകളും ഇന്ത്യന്‍ വാണിജ്യവും

കുഞ്ഞന്‍കാറുകളും ഇന്ത്യന്‍ വാണിജ്യവും

ആദ്യമൊക്കെ ഇന്ത്യന്‍ റോഡുകള്‍ക്ക് അലങ്കാരം മാത്രമായിരുന്നു കാറുകള്‍. ചെറുതും വലുതുമായ വിദേശ നിര്‍മ്മിത കാറുകള്‍. എന്നാല്‍, ഇന്ത്യ ആസ്ഥാനമാക്കി നിര്‍മ്മിക്കുന്ന കാറുകള്‍ ഇന്ന് ലോക വിപണിയെപ്പോലും കീഴ്‌പ്പെടുത്തിക്കഴിഞ്ഞു.

ചെറിയ കാറുകളുടെ നിര്‍മ്മാണത്തില്‍ മികച്ചു നില്‍ക്കാന്‍ ഇപ്പോള്‍ ഇന്ത്യയ്ക്കും സാധിച്ചു തുടങ്ങി. വിലക്കുറവും ഗുണമേന്മയും വളരെ ഉയര്‍ന്ന സ്ഥാനത്തു തന്നെ നിര്‍ത്തുകയും ചെയ്തു.

അഞ്ചു മില്ല്യണ്‍ യൂണിറ്റുകള്‍ 2020നിടയില്‍ എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള പ്രയാണം ഇന്ത്യയെ മികച്ച മൂന്നാമത്തെ ഓട്ടോ മോട്ടീവ് മാര്‍ക്കറ്റ് ആക്കിത്തീര്‍ത്തു.

മാരുതി സുസുക്കി ഹ്യുണ്ടായ് തുടങ്ങിയ കമ്പനികളായിരുന്നു ഈ മേഖലയില്‍ ആദ്യം കഴിവു തെളിയിച്ച കമ്പനികള്‍. ടായോട്ട, ഹോണ്ട, റിനോള്‍ട്ട്‌നിസ്സാന്‍, ഫോര്‍ഡ്, ജനറല്‍ മോട്ടോര്‍സ് രംഗത്തേക്ക് ചുവടുറപ്പിച്ചുവരികയാണ്. ഇന്ത്യയെ കൊച്ചു കാറുകള്‍ നിര്‍മ്മിക്കാനുള്ള പരീക്ഷണ ശാലയാക്കി മാത്രം ഒതുക്കാനല്ല, മറിച്ച് കാര്‍ കയറ്റുമതിയുടെ മുഖ്യ പരീക്ഷണ കേന്ദ്രമാക്കി മാറ്റാനുമാണ്.

റിനോള്‍ട്ട്‌നിസ്സാന്‍ ഇതിനകം തന്നെ അത്തരം കയറ്റുമതിക്കായുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. അവരുടെ പുതുപുത്തന്‍ കുഞ്ഞന്‍ കാര്‍ മാര്‍ച്ചോടെ തന്നെ വിപണിയിലെത്തിക്കഴിഞ്ഞു.
യൂറോപ്പ്യന്‍ കാര്‍ കമ്പനിയായ വോക്‌സ് വാഗനും ഇന്ത്യയെ പിന്‍തുടര്‍ന്ന് കുഞ്ഞന്‍ കാറുകള്‍ വിലക്കുറവോടെ എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലുമാണ്.

മറ്റേതു മാര്‍ക്കറ്റിനെ അപേക്ഷിച്ചു നോക്കിയാലുംഒരു കുഞ്ഞന്‍കാര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിന്റെ ചിലവ് പതിനഞ്ചോ ഇരുപതോ ശതമാനം കുറവുമായിരിക്കും. ഇന്ത്യയിലെ പല സ്ഥലങ്ങളും കേന്ദ്രങ്ങളാക്കി ഇത്തരം വ്യാവസായിക മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ 10 ബില്ല്യണ്‍ ഡോളര്‍, 65,000 കോടി രൂപ, വരെ ചിലവഴിക്കാനുള്ള ഒരുക്കത്തിലാണ് പല വിദേശ കാര്‍ കമ്പനികളും.

തമിഴ്‌നാട്ടിലെയും ഗുജറാത്തിലേയുമൊക്കെ കടലോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളാണ് ഇതിനായി കമ്പനികള്‍ നോട്ടമിട്ടിരിക്കുന്നത്.
ഇന്ത്യയെ മികച്ച കയറ്റുമതി കേന്ദ്രമായി കണ്ടെത്തിയത് കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായ് ആയിരുന്നു. സ്ഥലത്തിന്റെ പ്രത്യേകത മാത്രമായിരുന്നില്ല ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ സാമര്‍ത്ഥ്യവും ഇവരെ ഇവിടേക്ക് ആകര്‍ഷിച്ചിരുന്നു. ഹ്യുണ്ടായ് ഐ10 മോഡല്‍ ആണ് ഇന്ത്യയില്‍ നിന്നും ഏറ്റവും അധികമായി കയറ്റുമതി ചെയ്യപ്പെട്ടിരിക്കുന്നത്‌

Scroll To Top