Thursday December 08, 2016
Latest Updates

കില്‍ക്കെനിയിലെ അഞ്ഞൂറിലധികം കുട്ടികള്‍ മരണമടഞ്ഞത് പട്ടിണിമൂലം 

കില്‍ക്കെനിയിലെ അഞ്ഞൂറിലധികം കുട്ടികള്‍ മരണമടഞ്ഞത് പട്ടിണിമൂലം 

കില്‍ക്കനി : കില്‍ക്കെനിയില്‍ 500 ഓളം കുട്ടികള്‍ മരണമടഞ്ഞത് പട്ടിണി മൂലമെന്ന് കണ്ടെത്തല്‍. അയര്‍ലണ്ട് വറുതിയിലായിരുന്ന വര്‍ഷങ്ങളില്‍ മരണമടഞ്ഞ 500 കുട്ടികളുടെ അസ്ഥികൂടങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ബയോ ആര്‍ക്കിയോളജിസ്റ്റുകളാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഏഴ് വര്‍ഷം മുമ്പാണ് കില്‍ക്കെനിയിലെ യൂണിയന്‍ വര്‍ക്ക് ഹൌസില്‍ കൂട്ടമായി സംസ്‌കരിച്ച നിലയില്‍ 500 ഓളം കുട്ടികളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് കഠിനമായ പട്ടിണിയുടെ തെളിവുകള്‍ കണ്ടെത്തിയത്.

കില്‍ക്കെനിയിലെ യൂണിയന്‍ വര്‍ക്ക് ഹൌസില്‍ നിന്ന് 454 ഓളം കുട്ടികളുടെ അസ്ഥിക്കൂടങ്ങളാണ് കണ്ടെടുത്തത്. അയര്‍ലണ്ട് കൊടിയ ദാരിദ്ര്യത്തിലൂടെകടന്നു പോയ 1847 നും 1851 നും ഇടയ്ക്ക് മരണമടഞ്ഞ കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. അന്നത്തെ കൊടിയ പട്ടിണിയില്‍ മരിച്ചവരില്‍ പകുതിയിലധികം പേരും കുട്ടികളായിരുന്നെന്നും ഗവേഷകര്‍ പറയുന്നു. കുട്ടികളുടെ അസ്ഥിയില്‍ നടത്തിയ പഠനത്തില്‍ മരണമടഞ്ഞ നവജാത ശിശുക്കളില്‍ എല്ലാവരും തന്നെ ആറ് മാസം മുതല്‍ ഒരു വയസുവരെ പ്രായമുള്ളവരായിരുന്നെന്ന് കണ്ടെത്തി.

മൂന്നിലൊന്ന് കുട്ടികള്‍ ഒരു വയസിനും 12 വയസിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു. കോര്‍ക്ക് യൂണിവേഴ്‌സിറ്റി കോളജിലെ ഡോ. ജോണി ജെബറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് കുട്ടികളുടെ പ്രായവും മരണകാരണവും കണ്ടെത്തിയത്. മൂന്ന് വര്‍ഷത്തോളം പഠനം നീണ്ടു നിന്നു. പട്ടിണി മരണങ്ങള്‍ കൂടാതെ അസുഖങ്ങള്‍ മൂലവും അക്കാലത്ത് മരണങ്ങള്‍ നടന്നിരുന്നതായി പഠനത്തില്‍ കണ്ടെത്തി.

Scroll To Top