Sunday December 04, 2016
Latest Updates

കിരീടം യൂറോപ്പിനോ? ലാറ്റിനമേരിക്കയ്‌ക്കോ?; മാരക്കാനയില്‍ 86,90 ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനം

കിരീടം യൂറോപ്പിനോ? ലാറ്റിനമേരിക്കയ്‌ക്കോ?; മാരക്കാനയില്‍ 86,90 ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനം

ലോകകപ്പ് ഫൈനലില്‍ ഞായറാഴ്ച അര്‍ജന്റീനയും ജര്‍മനിയും തമ്മില്‍ എട്ടുമുടുമ്പോള്‍ 1990 ലോകകപ്പിന്റെ ഫൈനലിന്റെ തനിയാവര്‍ത്തനം. 1990 ല്‍ മറഡോണയുടെ അര്‍ജന്റീനയെ തോല്‍പ്പിച്ചാണ് ജര്‍മനി കപ്പുമായി നാട്ടിലേക്ക് വിമാനം കയറിയത്. അന്നത്തെ പരാജയത്തിനു മറുപടി നല്‍കാന്‍ നീണ്ട 24 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം അര്‍ജന്റീന തയ്യാറെടുക്കുകയാണ്. അതിനു മുമ്പ് 1986 ലോകകപ്പിലും ഫൈനലില്‍ ഏറ്റുമുട്ടിയത് അര്‍ജന്റീനയും ജര്‍മനിയും തമ്മിലായിരുന്നു. അന്ന് വിജയം അര്‍ജന്റീനയ്‌ക്കൊപ്പം നിന്നു. അര്‍ജന്റീനയുടെ അവസാന ലോകകിരീടവും ഇതായിരുന്നു.

രണ്ട് പതിറ്റാണ്ടിനു ശേഷം ഫൈനലില്‍ എത്തിയ അര്‍ജന്റീന വിജയത്തില്‍ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല. മുള്ളറിന്റെയും ക്ലോസേയുടെയും ടീമായ ജര്‍മനിയും വിജയത്തില്‍ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല. ഞായറാഴ്ച മാരക്കാനയില്‍ പന്തുരുളാന്‍ തുടങ്ങുമ്പോള്‍ മത്സരം കടുത്തതാകുമെന്ന് തീര്‍ച്ചയാണ്. ഫൈനലിന് ഇറങ്ങുമ്പോള്‍ മെസി തന്നെയാണ് അര്‍ജന്റീനയുടെ തുറുപ്പ് ചീട്ട്. എസ്‌ക്വെല്‍ ഗരായ്, സെര്‍ജിയോ അഗ്യുറോ, മാക്‌സി റോഡ്രിഗസ് എന്നിവരും അര്‍ജന്റീനയുടെ കരുത്താണ്.

മറുവശത്ത് ബ്രസീലിന്റെ പടയോട്ടത്തിനു അന്ത്യം കുറിച്ച മുള്ളറും ക്ലോസെയും ഏത് പ്രതിരോധ നിരയെയും തളയ്ക്കാന്‍ കഴിവുള്ളവരാണ്. കാല്‍പ്പന്ത് കളിയുടെ ലോകകിരീടം യൂറോപ്പിനോ അതോ ലാറ്റിനമേരിക്കയ്‌ക്കോ, ഞായറാഴ്ച മാരക്കാനയിലെക്ക് ഉറ്റു നോക്കുന്ന കാല്‍പ്പന്ത് കളി പ്രേമികള്‍ ഉത്തരം തേടുന്നത് ഈ ചോദ്യത്തിനാണ്.

Scroll To Top