Saturday December 03, 2016
Latest Updates

കിംഗ് ഫിഷര്‍ ജീവനക്കാര്‍ ജീവിക്കാനായി വീട് വില്‍ക്കുന്നു; ശമ്പളം മുടങ്ങിയിട്ട് രണ്ട് വര്‍ഷം

കിംഗ് ഫിഷര്‍ ജീവനക്കാര്‍ ജീവിക്കാനായി വീട് വില്‍ക്കുന്നു; ശമ്പളം മുടങ്ങിയിട്ട് രണ്ട് വര്‍ഷം

ന്യൂഡല്‍ഹി: പ്രമുഖ സ്വകാര്യ എയര്‍ലൈന്‍ സര്‍വീസായ കിംഗ് ഫിഷറിലെ ജീവനക്കാര്‍ ജീവിക്കാനായി വീട് വില്‍ക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ കിംഗ് ഫിഷറില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജീവനക്കാര്‍ക്ക് ശമ്പളം നല്കിയിട്ടില്ല. ഇതേതുടര്‍ന്നാണ് പലരും ജീവിക്കാനായി വീടും മറ്റ് സ്വത്തുക്കളും വില്ക്കുന്നത് കടക്കാരെ പേടിച്ചിട്ട് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ജീവനക്കാര്‍ ജീവിക്കുന്നതെന്ന് കൊല്‍ക്കത്ത സ്വദേശിയായ സുജിത് കുമാര്‍ ഘോഷ് പറഞ്ഞു.

മധ്യവയസു കഴിഞ്ഞ പല ജീവനക്കാര്‍ക്കും ഇനി ഒരു ജോലിയില്‍ പ്രവേശിക്കുക എന്നത് പ്രായോഗികമല്ല. അതുകൊണ്ട് തന്നെ മധ്യവയസ് കഴിഞ്ഞ പല ജീവനക്കാരും അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമാണെന്ന് സുജിത് കുമാര്‍ പറഞ്ഞു. 53 വയസുണ്ട് ഇയാള്‍ക്ക് മാറ്റ് പലരുടെയും അവസ്ഥ തന്നെക്കാള്‍ പരിതാപകരമാണെന്നും ഇയാള്‍ പറഞ്ഞു. 7000 കോടിയുടെ കടക്കെണിയിലായത്തോടെയാണ് കിംഗ് ഫിഷര്‍ എയര്‍ലൈന്‌സില്‍ പ്രതിസന്ധി ആരംഭിച്ചത്. നേരത്തെ ജീവനക്കാര്‍ സര്‍വീസ് നിര്‍ത്തിവച്ച് പല തവണ പ്രതിഷേധിച്ചെങ്കിലും വിജയ് മല്യ ശമ്പളം നല്കാന്‍ കൂട്ടാക്കിയില്ല. കഴിഞ്ഞ ഐപിഎല്‍ സീസണ് തൊട്ട് മുമ്പ് ഒരു ഘഡു ശമ്പളം നല്കിയിരുന്നു.

ജീവനക്കാര്‍ ഐപിഎല്‍ സ്‌റ്റേഡിയത്തില്‍ പ്രതിഷേധിക്കാന്‍ തീരുമാനമെടുത്ത വിവരം മുന്‍കൂട്ടി കണ്ടാണ് കുറച്ച് തുക നല്‍കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീം വിജയ് മല്യയുടെതാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്കാതെ ശതകോടികള്‍ മുടക്കി മല്യ ഐപിഎല്‍ ടീം വാങ്ങിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ക്കിടെയാണ് കിംഗ് ഫിഷര്‍ ജീവനക്കാര്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. അതേസമയം ശമ്പളം നല്‍കാത്തതിനെക്കുറിച്ച് പ്രതികരിക്കാന്‍ കിംഗ് ഫിഷര്‍ വക്താവ് തയ്യാറായില്ല.

Scroll To Top