Saturday December 03, 2016
Latest Updates

ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ കത്തോലിക്ക ബാവയുടെ കബറടക്കം നാളെ

ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ കത്തോലിക്ക ബാവയുടെ കബറടക്കം നാളെ

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയുടെ മുന്‍ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ കത്തോലിക്ക ബാവയുടെ മൃതദേഹം ഇന്ന് ദേവലോകം അരമനയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഭൌതിക ശരീരം ഇന്നലെ രാത്രി 11.30വരെ പുതിയകാവ് കത്തീഡ്രല്‍ പള്ളിയില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് വൈകിട്ട് 12.30ഓടെ കോട്ടയം പഴയസെമിനാരിയില്‍ എത്തിച്ചു. ഇന്ന് രാവിലെയാണ് ദേവലോകം അരമനയില്‍ എത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം റോഡുമാര്‍ഗം വിലാപയാത്രയായി പത്തനാപുരം മൗണ്ട് താബോര്‍ ദയറയിലേക്ക് കൊണ്ടുപോകും. അവിടെ ബുധനാഴ്ച രാവിലെ 11നാണ് കബറടക്കം.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് മരിച്ചത്. 2010 ഒക്ടോബര്‍ 31 വരെ അദ്ദേഹം ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷ സ്ഥാനം വഹിച്ചു.

ബാവയുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു. സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹം സഭയ്ക്കും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ അവിസ്മരണീയവും അമൂല്യവുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിവിധ സഭകളെ പ്രതിനിധീകരിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍, മാര്‍ ജോസഫ് പെരുന്തോട്ടം, സിഎസ്‌ഐ മധ്യ കേരള മഹായിടവക ബിഷപ് തോമസ് കെ. ഉമ്മന്‍, ഈസ്റ്റ് കേരള മഹായിടവക ബിഷപ് ഡോ. കെ.ജി. ദാനിയേല്‍, ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ ഡോ. കെ.പി. യോഹന്നാന്‍ തുടങ്ങിയവര്‍ അനുശോചിച്ചു. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, സംസ്ഥാന മന്ത്രിമാര്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുടങ്ങിയവരും അനുശോചിച്ചു.

Scroll To Top